26 April 2024 Friday

കെ റെയില്‍ വന്നാല്‍ കൂറ്റനാടുനിന്ന് കൊച്ചിയെത്തി അപ്പംവിറ്റ് ഉച്ചക്കുമുന്നേ തിരിച്ചെത്താം- എം.വി ഗോവിന്ദന്‍ ജനകീയ പ്രതിരോധ ജാഥ തൃത്താലയില്‍

ckmnews


തൃത്താല: കെ റെയില്‍ നിലവില്‍ വന്നാലുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട് തൃത്താലയില്‍ ജനകീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ നിലവില്‍ വരുന്നപക്ഷം പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുന്‍പ് തിരികെയെത്താമെന്ന് അദ്ദേഹം പറഞ്ഞു.കെ റെയില്‍ നിലവില്‍ വന്നാല്‍ അന്‍പതു കൊല്ലത്തിന്റെ അപ്പുറത്തെ വളര്‍ച്ചയാണ് കേരളത്തിനുണ്ടാവുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു. കാരണം 39 വണ്ടികളാണ് കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ളത്. തിരിച്ചും 39 വണ്ടികളുണ്ട്. ഇരുപത് മിനിട്ട് ഇടവിട്ട് വണ്ടി. കൂറ്റനാടുനിന്ന് രാവിലെ എട്ടുമണിക്ക് കുടുംബശ്രീക്കാര്‍ക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി പുറപ്പെട്ട് ഷൊര്‍ണൂരുനിന്ന് എട്ടര-ഒന്‍പതോടെ കെ റെയിലില്‍ കയറാം. ഒരു റിസര്‍വേഷനും ആവശ്യമില്ല. നേരെ അങ്ങു കയറാം. ചെറിയ ചാര്‍ജേ ഉള്ളൂ. കയറി. കൊച്ചിയിലാണ് നിങ്ങളുടെ മാര്‍ക്കറ്റ്. എത്ര മിനുട്ടു വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തഞ്ചോ മിനിട്ടു മതി. 25 മിനിട്ടുകൊണ്ട് കൊച്ചിയിലെത്തി. അര മണിക്കൂര്‍ കൂട്ടിക്കോളൂ. കൊച്ചിയില്‍ അപ്പം വില്‍ക്കാം. ചൂടപ്പം അല്ലേ അര മണിക്കൂര്‍ കൊണ്ട് നല്ലോണം വിറ്റുപോകും. ഏറ്റവും നല്ല മാര്‍ക്കറ്റാണ് കൊച്ചിയിലേത്. പൈസയും വാങ്ങി കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെനിന്ന് കയറുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനാവുമ്പോഴേക്ക് കൂറ്റനാട് എത്താം. ഇതാണ് കെ റെയില്‍ വന്നാലുള്ള സൗകര്യം, ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. എന്‍ജിനീയര്‍മാര്‍ക്കും വക്കീലന്മാര്‍ക്കും അധ്യാപകര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.കെ റെയില്‍ വരുന്നതോടെ നിലവില്‍ നിരത്തിലൂടെ ഓടുന്ന ലക്ഷക്കണക്കിന് വാഹനങ്ങള്‍ പിന്‍വലിക്കാനാകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അങ്ങനെ പിന്‍വലിക്കാനായാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാം. അത് പരിസ്ഥിതിക്ക് നല്ലതാണ്. ഇത്രയും ഗുണമുള്ള കെ റെയില്‍ വേണ്ടെന്ന് യു.ഡി.എഫ്. പറയുന്നു. കടംവാങ്ങാന്‍ പാടില്ലെന്നാണ് പറയുന്നത്. വല്ല വിവരവുമുണ്ടോയെന്നും ഗോവിന്ദന്‍ ആരാഞ്ഞു. എല്ലാ യോഗത്തിലും പറഞ്ഞു, ആദം സ്മിത്ത് ഉള്‍പ്പെടെയുള്ളവരുടെ തിയറി വായിക്കണമെന്ന്. കോണ്‍ഗ്രസുകാര്‍ ഒരു വസ്തു വായിക്കില്ല. ലീഗ് വായിക്കുന്നതിനെ പറ്റി പറയുകയും വേണ്ടല്ലോ. അര്‍ഥശാസ്ത്രത്തിന്റെ ആദ്യപദത്തില്‍ തന്നെ പറയുന്നത് മൂലധനനിക്ഷേപത്തിനു വേണ്ടി കടംവാങ്ങണം എന്നാണെന്നും ഗോവിന്ദന്‍ പറഞ്ഞു.