01 April 2023 Saturday

തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം മരണം മൂന്നായി - മാതാവിനും പിതാവിനും പുറകെ ചികിത്സയിൽ കഴിഞ്ഞ മകനും മരണത്തിന് കീഴടങ്ങി

ckmnews



മാതാവിനും പിതാവിനും പുറകെ ചികിത്സയിൽ കഴിഞ്ഞ മകനും മരണത്തിന് കീഴടങ്ങി


ചങ്ങരംകുളം:പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറത്ത് വാടക വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചങ്ങരംകുളം പള്ളിക്കര സ്വദേശിയും പട്ടിത്തറയിൽ വാടകക്ക് താമസിച്ച് വരികയും ചെയ്തിരുന്ന അമയിൽ അബ്ദുസമദിന്റെ മകൻ

മുഹമ്മദ് സബിൻ(18)ആണ്  ചികിത്സയിൽ ഇരിക്കെ മരണത്തിന് കീഴടങ്ങിയത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുസമദ്(45)ഭാര്യ ഷെറീന (37)എന്നിവർ അടുത്ത ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു.കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് കുടുംബം വാടകക്ക് താമസിച്ച് വന്ന വീട്ടിൽ  അപകടം ഉണ്ടായത്.തൃത്താല പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്.പരിക്ക് പറ്റിയവരെ കൂറ്റനാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും പരിക്കേറ്റ മൂന്ന് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.സമദിന്റെ മകളും,മാതാവും അപകട സമയത്ത് പുറത്തായിരുന്നതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു തൃത്താലയിലെ സ്വകാര്യ ഗ്യാസ് ഏജൻസിയിലെ ഡ്രൈവറാണ് അബ്ദുൽ സമദ്.പടിഞ്ഞാറങ്ങാടിയിൽ സ്വകാര്യ കോളേജിലെ ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് സബിൻ. നാല് വർഷത്തോളമായി ചിറ്റപ്പുറത്തെ വാടകവീട്ടിലാണ് കുടുംബം  താമസിച്ച് വന്നിരുന്നത്.വീടിന്റെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന നാല്  സിലിണ്ടറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്