02 May 2024 Thursday

നിരവധി കേസുകളില്‍ പ്രതിയായ അകിലാണം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാടുകടത്തി

ckmnews

നിരവധി കേസുകളില്‍ പ്രതിയായ അകിലാണം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാടുകടത്തി


ചാലിശ്ശേരി:നിരവധി കേസുകളില്‍ പ്രതിയായ അകിലാണം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാടുകടത്തി.പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് സമർപ്പിച്ച ശുപാർശയിൽ തൃശ്ശൂർ റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായ എസ്. അജീതാ ബേഗം ഏപിഎസ് നല്‍കിയ ഉത്തരവ് പ്രകാരമാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തെക്കേകര,അകിലാണം ചാഴിയാട്ടിരി നരിക്കുഴിയിൽ ഗോവിന്ദരാജിന്റെ മക്കളായ 28 വയസുള്ള രാഹുല്‍,23 വയസുള്ള  ശ്രീരാഗ് എന്നിവരെയാണ് നാട് കടത്തിയത്.കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15 ചുമത്തിയാണ് നാടുകടത്തിയത്.  കാപ്പ നിയമം 15(1)(a) പ്രകാരം പാലക്കാട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും ഒരു  വർഷത്തേക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.ജില്ലാ പോലീസ് മേധാവിക്കുവേണ്ടി ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ തുടർ നടപടികൾ സ്വീകരിച്ചു.പാലക്കാട് ജില്ലയിൽ  ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ വിവധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുലും, ശ്രീരാഗും.അന്യായമായി തടസ്സം സൃഷ്ടിക്കുക,സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക,അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കുക,കുറ്റകരമായ നരഹത്യ ചെയ്യുവാനുള്ള ശ്രമം,തടവ് നൽകി ശിക്ഷിക്കപ്പെടാവുന്ന കുറ്റം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടുകൂടി ഭവനഭേദനം നടത്തുക,കുറ്റകരമായി ഭയപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടതിനാണ് ഇവര്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളത്.