26 April 2024 Friday

ചാലിശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആലിക്കര സ്വദേശിക്ക് ഗുരുതര പരിക്കേറ്റു :പന്നിയെ നാട്ടുകാർ തല്ലിക്കൊന്നു

ckmnews

ചാലിശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആലിക്കര സ്വദേശിക്ക് ഗുരുതര പരിക്കേറ്റു :പന്നിയെ നാട്ടുകാർ തല്ലിക്കൊന്നു


ചങ്ങരംകുളം :ചാലിശേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്നി ശല്യം രൂക്ഷമാകുന്നു.കാട്ടുപന്നിയുടെ ആക്രമണത്തിൽ ആലിക്കര സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റു.പന്നിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.

വ്യാഴാഴ്ച രാവിലെ എട്ടിന്   പാടത്തു വച്ചാണ് ആലിക്കര ചാലത്തൂർ വളപ്പിൽ രാജൻ (70 ) എന്നയാളെ പന്നികൾ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചത്.പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്കു ശേഷം ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.കൈകൾക്കും കാലിലെ എല്ലിനും ക്ഷതമേറ്റിട്ടുണ്ട്.രോഷകുലരായ നാട്ടുകാർ പന്നിയെ പിന്നീട് തല്ലി കൊല്ലുകയായിരുന്നു.പഞ്ചായത്തിലെ പല വാർഡിലും കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നതാണ് ഭീതി പരത്തുന്നത്.രാത്രിയിൽ കൂട്ടത്തോടെ  ഇറങ്ങുന്ന കാട്ടുപന്നികൾ കർഷകർക്കും പേടിസ്വപ്നമാവുകയാണ്.പകൽ സമയങ്ങളിൽ കൂടി കാട്ടുപന്നികൾ ഇറങ്ങാൻ തുടങ്ങിയതോടെ ഭീതിയോടെയാണ് സ്കൂളിലേക്കും മറ്റുമായി കട്ടികളെ പുറത്ത് വിടുന്നത്.പന്നികൾ കൂട്ടത്തോടെ വന്ന് കൃഷി നശിപ്പിക്കുന്നതിനാൽ പല കർഷകരും കൃഷി ഉപേക്ഷിക്കുകയാണ്.കുന്നത്തേരി ,ആലിക്കര ,കിഴക്കേ പട്ടിശ്ശേരി, പടിഞ്ഞാറേ പട്ടിശ്ശേരി, തണ്ണീർക്കോട്, തുടങ്ങിയ പ്രദേശങ്ങളിൽ പന്നി ശല്യം ഏറെ രൂക്ഷമായിട്ടുണ്ട്.മാസങ്ങളോളം പണിയെടുത്ത് നടത്തുന്ന കൃഷി ഒറ്റ രാത്രി കൊണ്ടാണ് പന്നികൾ നശിപ്പിക്കുന്നത്.പഞ്ചായത്ത് അധികാരികൾ  അടിയന്തിരമായി

പന്നിശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.