08 May 2024 Wednesday

ഗുണ കേവ് സീനുകൾ ചിത്രീകരിച്ചത് 40 അടി ഉയരത്തിൽ തൂങ്ങികിടന്ന്,സെറ്റിട്ടത് പെരുമ്പാവൂരിൽ മഞ്ഞുമ്മൽ ബോയ്സിന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്ക് വച്ച് അജയൻ ചാലിശ്ശേരി

ckmnews

ഗുണ കേവ് സീനുകൾ ചിത്രീകരിച്ചത് 40 അടി ഉയരത്തിൽ തൂങ്ങികിടന്ന്,സെറ്റിട്ടത്  പെരുമ്പാവൂരിൽ


മഞ്ഞുമ്മൽ ബോയ്സിന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്ക് വച്ച് അജയൻ ചാലിശ്ശേരി


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സംവിധായകൻ ചിദംബരം ഒരുക്കിയ സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. 2006ൽ കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ ഒരു ചങ്ങാതികൂട്ടം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികളും അവരുടെ അതിജീവനവുമാണ് ചിത്രം പറയുന്നത്.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്,ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു  എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.കഥയ്ക്കും അഭിനേതാക്കളുടെ പ്രകടനത്തിനുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്ന ഒന്നാണ് ചിത്രത്തിന്റെ കലാസംവിധാനവും. 


യഥാർത്ഥ ഗുണ കേവിൽ പോയി വന്ന ഫീലാണ് ചിത്രം കണ്ടിറങ്ങുമ്പോൾ പ്രേക്ഷകർക്കു അനുഭവപ്പെടുക. ഗുണ കേവ്സിന്റെ ഒർജിനാലിറ്റിയെ വെല്ലുന്ന രീതിയിൽ ചിത്രത്തിന്റെ ആർട്ട് ഒരുക്കിയത് പ്രൊഡക്ഷൻ ഡിസൈനറായ  അജയൻ ചാലിശ്ശേരിയാണ്.


മഞ്ഞുമ്മൽ ബോയ്സിന്റെ കലാസംവിധാനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നാണ് അജയൻ ചാലിശ്ശേരി പറയുന്നത്. "ആദ്യം കഥ കേട്ടപ്പോൾ ഏതെങ്കിലും ഒരു ഗുഹയിൽ ഷൂട്ട് ചെയ്യാം എന്നായിരുന്നു ആദ്യം വിചാരിച്ചത്. പക്ഷേ ഗുണ കേവ് പോയി കണ്ടപ്പോൾ  അതത്ര എളുപ്പമല്ലെന്നു മനസ്സിലായി.സിനിമയിൽ കുഴിയുടെ അടുത്ത് മഞ്ഞുമ്മൽ ബോയ്സ് നിൽക്കുന്ന സ്ഥലം പോലും 80 അടിയോളം താഴ്ചയിലാണ്. അതിനും 900 അടി താഴ്ചയിലാണ് യഥാർത്ഥത്തിലുള്ള ആ കുഴി. ആ ഏരിയയിൽ നിരവധി മരണങ്ങളും അപകടങ്ങളും ഉണ്ടായതുകൊണ്ട് വർഷങ്ങളായി ആ സംഭവസ്ഥലത്തേക്ക് ആളുകളെ കയറ്റിവിടുന്നില്ല.നിരോധിതമേഖലയാണ്. പക്ഷേ, നമുക്ക് ആ സ്ഥലം കാണാതെ സെറ്റ് ഒരുക്കാൻ പറ്റിലല്ലോ. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ പെർമിഷനൊക്കെ സംഘടിപ്പിച്ച് അവിടെ സന്ദർശിച്ചത്.കുറേകാലമായി അടച്ചിട്ടതുകൊണ്ടും മനുഷ്യ പെരുമാറ്റം ഇല്ലാത്തതുകൊണ്ടുമൊക്കെ വെള്ളവും ചെളിയും മണ്ണുമൊക്കെ കെട്ടി കിടക്കുകയായിരുന്നു അവിടെ. ധാരാളം വവ്വാലുകളും കുരങ്ങുകളുമൊക്കെയുള്ള ഒരിടം.വല്ലാത്തൊരു സ്മെൽ ആയിരുന്നു. പോരാത്തതിന് നല്ല വഴുക്കലും. അവിടെ ഇത്രയും ആളുകളും സജ്ജീകരണങ്ങളുമൊക്കെ വച്ചുള്ള ഷൂട്ട് ബുദ്ധിമുട്ടാണ്, അപകടകരവും.മാത്രമല്ല, അവിടുത്തെ ആളുകളെ സംബന്ധിച്ച് അതൊരു ദുരൂഹത നിറഞ്ഞ സ്ഥലമാണ്. ആളുകൾക്കൊക്കെ പേടിയാണ് അവിടം. പ്രേതമുണ്ട് എന്നൊക്കെയാണ് അവിടുത്തെ ഗാർഡുകൾ പോലും പറയുന്നത്. നമുക്കും അസ്വസ്ഥത തോന്നും. ഗുണ കേവ് കാണാൻ പോയിട്ട് രണ്ടുമൂന്നു ദിവസം എനിക്ക് പ്രശ്നമായിരുന്നു.കണ്ണടയ്ക്കുമ്പോൾ ആ പാറയിടുക്കുകൾ കാണും,  ഞാനൊരു കുഴിയിൽ പെട്ടതുപോലെയാണ്. കണ്ണടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു," അജയൻ ചാലിശ്ശേരി പറയുന്നു. ഗുണ കേവ് സന്ദർശിച്ച് അവിടുത്തെ കുറേ സ്കെച്ചുകൾ വരച്ചുണ്ടാക്കി.ഗുഹയുടെ വലിപ്പവും രൂപയും ഘടനയുമൊക്കെ മനസ്സിലാക്കിയാണ് അജയൻ ആർട്ട് വർക്കുകൾ തുടങ്ങുന്നത്. "ഞങ്ങൾ നേരിട്ട മറ്റൊരു പ്രശ്നം, സെറ്റിടാൻ പറ്റിയ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു. പലയിടത്തും നോക്കി. ഇത്രയും വലിയ സെറ്റിനു പറ്റിയ സ്ഥലം വേണം. മാത്രമല്ല, സെറ്റിട്ടാലും അതിനു താഴേക്ക് 17 അടിയോളമെങ്കിലും താഴ്ചയിൽ കുഴിക്കണം. പറ്റിയ സ്ഥലം തിരക്കി നടക്കുന്നതിനിടയിലാണ് പെരുമ്പാവൂരിലെ ഒരു ഒഴിഞ്ഞ ഗോഡൗൺ കണ്ടെത്തിയത്. അവിടെയാണ് സെറ്റിട്ടത്. ഏതാണ്ട് 50 അടി ഹൈറ്റുണ്ട് സെറ്റിന്.  ഫൈബറിലാണ് നമ്മൾ എല്ലാം ചെയ്തെടുത്തത്.  മൂന്നുമാസമെടുത്തു സെറ്റിടാൻ,"അജയൻ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.