26 April 2024 Friday

കോവിഡ് -19 ചാലിശ്ശേരി സ്വദേശിയും ആശുപത്രി വിട്ടു

ckmnews




ചാലിശ്ശേരി∙ ഈ കാഴ്ചയ്ക്കു വേണ്ടിയായിരുന്നു നാട് കാത്തിരുന്നത്. അകലങ്ങളിലിരുന്ന് ഒട്ടേറെ പേർ ആ വാർത്തയറിഞ്ഞ് സന്തോഷിക്കുന്നുണ്ടാവും. കോവിഡ്–19 ബാധിച്ച് ചികിത്സയിലായിരുന്ന 4 പേർ രോഗം ഭേദമായി ജില്ലാ ആശുപത്രി വിട്ടു. ചാലിശ്ശേരി, കിഴക്കഞ്ചേരി, ഒറ്റപ്പാലം കാരാക്കുറിശ്ശി സ്വദേശികളാണു ഇന്നലെ വൈകിട്ട് ആറോടെ ആശുപത്രി വിട്ടത്. എല്ലാവരും വിദേശത്തു നിന്നു മടങ്ങിയെത്തിയവരാണ്.


ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.രമാദേവി, കോവിഡ്–19 നോഡൽ ഓഫിസർ ഡോ.സി. സോന എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംഘം നിറഞ്ഞ കൈയടികളോടെയാണു ഇവരെ യാത്രയാക്കിയത്. എല്ലാവരേയും ആംബുലൻസിൽ വീടുകളിലെത്തിച്ചു. രോഗം ഭേദമായെങ്കിലും 14 ദിവസം ഇവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരണം.


രോഗം സ്ഥിരീകരിച്ച 3 പേർ കൂടിയാണ് ഇനി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മാർച്ച് 28നു രോഗം സ്ഥിരീകരിച്ച കിഴക്കഞ്ചേരി സ്വദേശിയുടെയും ഈ മാസം 1നു രോഗം സ്ഥിരീകരിച്ച ചാലിശ്ശേരി സ്വദേശിയുടെയും രണ്ടാമത്തേയും മൂന്നാമത്തെയും പരിശോധന ഫലത്തിൽ രോഗമില്ലെന്നു കണ്ടെത്തി.


മാർച്ച് 24, 25 തീയതികളിൽ രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം, കാരാകുറുശ്ശി സ്വദേശികളുടെ രണ്ടാമത്തെ പരിശോധന ഫലത്തിലും രോഗം കണ്ടെത്തിയെങ്കിലും പിന്നീട് നടത്തിയ 2 പരിശോധനകളിലും ഫലം നെഗറ്റീവ് ആയിരുന്നു. കാരാകുറുശ്ശി സ്വദേശിയുടെ മകനും കെഎസ്ആർടിസി കണ്ടക്ടറുമായ ആൾ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഇയാൾക്കു രോഗമില്ലെന്നു നേരത്തെ കണ്ടെത്തിയിരുന്നു.