08 May 2024 Wednesday

ചാലിശ്ശേരിയിൽ പട്ടാപ്പകൽ അജ്ഞാതർ വിടാക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ckmnews


കൂറ്റനാട്:ചാലിശ്ശേരി മുക്കിൽ പീടികയിൽ അജ്ഞാതർ വീട്ടിൽ അക്രമണവും ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരക്ക് ശേഷം ഗൃഹനാഥനായ ടി.പി. സലീം പള്ളിയിലേക്ക് പോയ സമയത്താണ് വീടിന് നേരെ വ്യത്യസ്ത രീതിയിലുള്ള  ആക്രമണം നടന്നത്.ചാലിശ്ശേരി മുക്കിൽ പീടിക സെന്ററിലുള്ള തേവര് പറമ്പിൽ സലിമിൻ്റെ വീട്ടുമുറ്റത്ത് റബ്ബർ കിടക്ക പോലുള്ള സാധനങ്ങളും മറ്റും കൂട്ടിയിട്ട് എന്തോ ദ്രാവകമുപയോഗിച്ച് കത്തിക്കുകയും, വലിയ ശബ്ദത്തോട് കൂടി അഗ്നി പടർത്തുകയുമാണുണ്ടായത്. എന്തോ പൊട്ടിതെറിക്കുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ പുറത്തേക്ക് വന്നപ്പോൾ വീട്ടുമുറ്റത്ത് വലിയ ശബ്ദത്തോടെ തീപടരുന്നതും,പൊട്ടിത്തെറിക്കുന്ന വിധത്തിലുള്ള ശബ്ദവുമാണ് കേൾക്കാനിടയായത്.അതേസമയം വീട്ടുകാർക്ക് മുറ്റത്ത് ആരേയും കാണാനായില്ലെന്നും പറയുന്നു.റമദാൻ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് സമീപത്തുള്ള 

വീടുകളിലുള്ള എല്ലാ പുരുഷന്മാരും ജുമുഅ നിസ്കാരത്തിനായി പള്ളിയിൽ പോയ സമയത്തുണ്ടായ സംഭവം വീട്ടുകാരിലും പ്രദേശവാസികളിലും ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു. ദുരൂഹത നിറഞ്ഞ സംഭവത്തെ തുടർന്ന് ചാലിശ്ശേരി പോലീസ് ഉദ്യോഗസ്ഥരും ഉടനെ സംഭവസ്ഥലത്തെത്തി സ്ഥലം പരിശോധിച്ചു.വീടിനു പുറത്തുനിന്നും അതിഭയങ്കരമായ ശബ്ദം കേട്ടെന്നും,വീട്ടുകാർ പുറത്തുവന്നപ്പോൾ തീ ആളിക്കത്തുന്നതല്ലാതെ ആരേയും കാണാനായില്ലെന്നുമാണ് ഗൃഹനാഥൻ സലീം പറയുന്നത്. തനിക്ക് കാര്യമായ ശത്രുക്കളോ മറ്റൊ ഇല്ലെന്നും  ഇത്തരം ഒരു സംഭവം ഉണ്ടായത് എന്താണെന്നന്വേഷിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.വീട്ടുകാരും ബഹളം കേട്ടെത്തിയ പ്രദേശവാസികളും ചേർന്ന് ഏറെ പണിപ്പെട്ടാണ് തീ കെടുത്തിയതെന്നും,പട്ടാപ്പകൽ നടന്ന അതിക്രമത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ, വാർഡ് മെമ്പർ സാഹിറ ഖാദർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി.നിറയെ വീടുകളുള്ള മുക്കിലപ്പടിക സെൻ്ററിൽ പട്ടാപ്പകൽ നടന്ന സംഭവത്തിൽ വീട്ടുകാരും നാട്ടുകാരും ഏറെ ഭീതിയിലാണ്.പ്രദേശത്തെ നിരീക്ഷണ ക്യാമറകൾ തുടങ്ങിയ സാധ്യതകൾ പരിശോധിച്ച് സംഭവത്തിൻ്റെ ദുരൂഹതകൾ നീക്കണമെന്നും,സമാധാന ജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആവശ്യപ്പെട്ടു.