27 April 2024 Saturday

കോതച്ചിറ ,കടങ്ങോട് ഭാഗത്തെ വന മേഖലയിൽ വൻ തീപിടുത്തം തീപിടിച്ചത് സ്വകാര്യ വ്യക്തികളുടെ 30 ഏക്കറോളം സ്ഥലത്ത്

ckmnews


കൂറ്റനാട്: ജില്ലാ അതിർത്തിയായ കോതച്ചിറ, കടങ്ങോട് ഭാഗത്തെ വനമേഖലയിൽ വൻ തീപിടുത്തം.ബുധനാഴ്ച രാത്രി 8.30 ന് ശേഷമാണ് കോതച്ചിറ ഭാഗത്തുളളവർ കടങ്ങോട് സ്വകാര്യ ക്വോറി പ്രവർത്തിക്കുന്ന ഭാഗങ്ങളിലുള്ള വനപ്രദേശത്താണ് തീ കത്തുന്നത് കണ്ടത്.കൊച്ചി സീമാ കാടിനോടും, മുള്ളൻ കുന്നിനോടും, ചേർന്ന് സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള 50 ഹെക്ടറിലധികം സ്ഥലത്താണ് തീപിടിച്ചത്.ഇവിടെ കരിങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്.തൃശൂർ പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശമായ ഇവിടെ സ്വകാര്യ വ്യക്തികളുടെ ഹെക്ടർ കണക്കിന് റബ്ബർ കൃഷിയുമുണ്ട്.കുറച്ചു ഭാഗം സർക്കാർ അധീനതയിലുള്ള മിച്ചഭൂമിയുമാണ് .തൃശൂർ ജില്ലയിൽ പെടുന്ന കടങ്ങോട് വില്ലേജിൽ 15 ഹെക്ടറിലധികം റബ്ബർ കൃഷിയുടെ അടിഭാഗവും, 20 ഏക്കറോളം വരുന്ന കാട് പ്രദേശവുമാണ് അഗ്നിക്കിരയായത്.സ്വകാര്യ വ്യക്തികൾ മാലിന്യം കൊണ്ട് വന്ന് തള്ളിയതിൽ നിന്നാകാം തീ പടർന്നതെന്നാണ് ആളുകൾ പറയുന്നത്.റബ്ബർ മേഖലയിൽ വളർന്ന് നിലക്കുന്ന ഉണങ്ങിയ തീപ്പയറിലേക്ക് തീപ്പടർന്നതോടെയാണ് മറ്റ് സ്ഥലങ്ങളിലേക്കും തീ പടരാനിടയായത്.രാത്രി ഒമ്പത് മണിയോടെ കുന്ദംകുളത്ത് നിന്ന് അഗ്നിശമന സുരക്ഷാ വിഭാഗത്തിൻ്റെ രണ്ട് യൂണിറ്റ് വാഹനമെത്തിയാണ് തീ അണക്കാനുള്ള ശ്രമം നടത്തിയത്.പുലർച്ചെ ഒരു മണിയോടെയാണ് തീ അണച്ചതെന്ന് അഗ്നി ശമന സേനാവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.തൊട്ടു കിടക്കുന്ന പാലക്കാട് ജില്ലയിലെ കോതച്ചിറ വനമേഖലയുടെ ചെറിയൊരു ഭാഗത്തേക്ക് മാത്രമാണ് തീ പടർന്നത്.വനമേഖലയിലേക്ക് ശക്തമായ തീ പടരാതിരുന്നത് വലിയ രക്ഷയായി. 150 ഹെക്ടറിലധികം തേക്കിൻ കാടും, സ്വാഭാവിക വനവും നിലനിൽക്കുന്ന പ്രദേശമാണ് കോതച്ചിറ വനമേഖല. ഈ പ്രദേശങ്ങളിൽ നിരവധി മയിലുകൾ, കാട്ടുപന്നികൾ,കുരങ്ങുകൾ, കാട്ടു പക്ഷികൾ എന്നിവ അധിവസിക്കുന്ന മേഖലയാണ്. ഒഴിവ് ദിവസങ്ങളിൽ നിരവധി പക്ഷി നിരീക്ഷകരും,കാട് കാണാനെത്തുന്നവരും കൊതിച്ചിറ, കടങ്ങോട് വന പ്രദേശത്ത് എത്താറുണ്ട്. കരിങ്കൽ ക്വാറിയോട് ചേർന്ന് നിൽക്കുന്ന 20 ഏക്കറിലധികം സ്ഥലവും,അഗ്നിക്കിരയായതായി കണക്കാക്കുന്നു.കുന്ദംകുളത്തെ അഗ്നിശമന സേനാവിഭാഗം സ്റ്റേഷൻ ഓഫീസർ പി.വൈശാഖ്,സീനിയർ ഫയർ ഓഫീസർ രവീന്ദ്രൻ,സി.ടി.ഷൈജു, പി.പവിത്രൻ,എം.ജി.ശ്യാം ,യു .ഷിനോജ്, എം.ജി.ആദർശ്, ശരത് എസ്.കുമാർ,ശരത്ചാലിൽ എന്നിവരാണ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.വനപ്രദേശത്ത് വ്യാഴാഴ്ച രാവിലെയും തീ പടർന്നതായി വാർത്ത വന്നതോടെ അഗ്നിശമനാ സേനാവിഭാഗമെത്തി കൂടുതൽ പ്രദേശങ്ങളിൽ വെള്ളം പമ്പ് ചെയ്തതോടെയാണ് ജനങ്ങളുടെ ഭീതി ഒഴിവായത്.