08 May 2024 Wednesday

തൃത്താല മേഖലയിൽ പകൽ ബൈക്കിൽ കറങ്ങി നടന്ന് അടയ്ക്ക നോക്കിവെക്കും; രാത്രി കാറിലെത്തി മോഷ്ടിക്കും, പ്രതികൾ പിടിയിൽ

ckmnews


തൃത്താല:തൃത്താലയിൽ കുപ്രസിദ്ധ അടയ്ക്കാ മോഷ്ടാക്കൾ പിടിയിൽ. പൊന്നാനി വെളിയംകോട് സ്വദേശി ഷാജഹാൻ, തൃശൂർ കലൂർ സ്വദേശി സുബൈർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പകൽ സമയങ്ങളിൽ അടയ്ക്ക സൂക്ഷിച്ചിരിക്കുന്ന വീടുകൾ കണ്ടെത്തി രാത്രി കാറിലെത്തി മോഷ്ടിച്ചെടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് തൃത്താല പോലീസ് പറഞ്ഞു.


നവംബർ 6 ന് ആനക്കര പഞ്ചായത്തിലെ മലമക്കാവിൽ നിന്നാണ് പ്രതികൾ 300 കിലോഗ്രാം അടയ്ക്ക മോഷ്ടിച്ചത്. ചോലക്കൽ ഉണ്ണികൃഷ്ണന്റെ വീട്ടിൽ പന്ത്രണ്ട് ചാക്കുകളിലാക്കി ഉണക്കി സൂക്ഷിച്ചിരുന്ന അടയ്ക്കയാണ് അർദ്ധ രാത്രിയിൽ കാറിലെത്തിയ

പ്രതികൾ മോഷ്ട‌ിച്ചെടുത്തത്.


അര ലക്ഷത്തിലേറെ വിലവരുന്ന അടയ്ക്കകളാണ് മോഷ്‌ടിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. മറ്റൊരു അടയ്ക്കാ മോഷണ കേസിൽ തൃശൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തൃത്താല മലമക്കാവിലും ഇവരാണ് മോഷണം നടത്തിയതെന്ന വിവരം പുറത്ത് വരുന്നത്.


തുടർന്ന് തൃശൂർ പോലീസ് രണ്ട് പ്രതികളെയും തൃത്താല പോലീസിന് കൈമാറി. തൃത്താല പോലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി.