08 May 2024 Wednesday

കാർത്ത്യായനിയുടെ ലോട്ടറിക്കടയ്ക്ക് ഗംഭീരതുടക്കം ഉൽഘടനം നിർവഹിച്ച് മന്ത്രി എം.ബി. രാജേഷ്

ckmnews


കൂറ്റനാട് : പഴയസാരിയും ഷീറ്റും വലിച്ചുകെട്ടി വഴിവക്കിൽ ഒരു ഷെഡ്ഡ്. ലോട്ടറിടിക്കറ്റുകൾ വെക്കാനായി മരം കൊണ്ടൊരു മുക്കാലിയുമുണ്ട്. ഭാഗ്യം വിൽക്കാൻ കാർത്ത്യായനി ഒരുക്കിയ കടയിൽ ഉദ്ഘാടകനായി എത്തിയത് മന്ത്രി എം.ബി. രാജേഷ്.


പെരിങ്ങോട് എരുമപ്പറമ്പിൽ കാർത്ത്യായനിയാണ് 60-ാം വയസ്സിൽ ലോട്ടറിവില്പന തുടങ്ങിയത്. പെരിങ്ങോട് പോസ്റ്റോഫീസിന് സമീപം കട തുടങ്ങാൻ തീരുമാനിച്ചപ്പോൾതന്നെ ഉദ്ഘാടനംചെയ്യാൻ മന്ത്രിയെത്തണമെന്ന ആഗ്രഹവുമായി കാർത്ത്യായനി കൂറ്റനാട്ടെ ഓഫീസിലെത്തി. പ്രായത്തിന്റെ അവശതകൾക്കിടയിലും സ്വന്തം കാലിൽ നിൽക്കണമെന്ന മോഹത്തിന് പിന്തുണയുമായി മന്ത്രിയെത്തിയപ്പോൾ ഉദ്ഘാടനം ആഘോഷമായി. ആദ്യ വില്പനയും മന്ത്രിതന്നെ നിർവഹിച്ചു. ഈ പ്രായത്തിലും ചെറിയ വരുമാനമുണ്ടാക്കാനുള്ള കാർത്ത്യായനിയുടെ തീരുമാനത്തെ മന്ത്രി എം.ബി. രാജേഷ് അഭിനന്ദിക്കുകയുംചെയ്തു.


കഠിനമായ ജോലികൾക്കൊന്നുമുള്ള ആരോഗ്യമില്ലാതായതോടെയാണ് കാർത്ത്യായനി ലോട്ടറിക്കച്ചവടത്തെക്കുറിച്ച് ആലോചിച്ചത്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് ഓൺട്രപ്രണർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് ലോട്ടറി ഏജൻസി തുടങ്ങാൻ അവസരം കിട്ടിയത്. ഉദ്ഘാടനശേഷം നിമിഷങ്ങൾക്കകം ടിക്കറ്റുകളെല്ലാം തീർന്നു. ടിക്കറ്റുകൾ വേണ്ടത്ര കിട്ടുന്നില്ലെന്ന പ്രയാസം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കടയിൽനിന്ന് മന്ത്രി ഒരു ടിക്കറ്റും വാങ്ങി.


പെരിങ്ങോട്ടെ സിനിമാപ്രവർത്തകരായ അച്യുതാനന്ദൻ, അശോകൻ തുടങ്ങിയവരോടൊപ്പം ദേശീയ അവാർഡുകൾ വാങ്ങിയ ടെലിഫിലിമുകളിലും കാർത്ത്യായനി മുഖം കാണിച്ചിട്ടുണ്ട്.