08 May 2024 Wednesday

കറുകപുത്തൂർ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി ഉത്സവം 21ന് നടക്കും

ckmnews



തിരുമിറ്റക്കോട് : കറുകപുത്തൂർ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി ഉത്സവാഘോഷം തുടങ്ങി. 14-നു നടക്കുന്ന കലാസാംസ്കകാരിക പരിപാടികൾ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷൻ ബാബുരാജ് ഉദ്ഘാടനംചെയ്യും. 21-നാണ് ഏകാദശി ഉത്സവം.


ക്ഷേത്രച്ചടങ്ങുകൾക്കും പൂജാകർമങ്ങൾക്കും തന്ത്രി ഈക്കാട്ട് നാരായണൻ നമ്പൂതിരി, നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി തിച്ചൂർ വൈശാഖ് നമ്പൂതിരി എന്നിവർ മുഖ്യകാർമികരാവും.

ക്ഷേത്രാങ്കണത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. 14-ന് ഏഴിനു നൃത്തപരിപാടി, 15-ന് വൈകീട്ട് നൃത്താർച്ചന, 16-ന് ഏഴിന് ഭക്തിഗാനസുധ, 17, 18 തീയതികളിൽ ഏഴിന് തിരുവാതിരക്കളി, നൃത്തപരിപാടികൾ, 19-ന് നാടൻപാട്ട് എന്നിവയുണ്ടാകും. 20-ന് ദശമിവിളക്കു ദിനത്തിൽ വൈകീട്ട് ഏഴിന് കേരള കലാമണ്ഡലം പ്രഹ്ളാദചരിതം കഥകളി അവതരിപ്പിക്കും.


ഏകാദശി ദിവസമായ 21-ന് രാവിലെ പഞ്ചരത്നകീർത്തനാലാപനം നടക്കും. ഉച്ചയ്ക്ക് മുലയംപറമ്പത്ത് വാദ്യകലാസംഘത്തിൻ്റെ പഞ്ചാരിമേളം, പുതുക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽനിന്ന് ഉച്ചയ്ക്ക് രണ്ടിനു പുറപ്പെടും. വൈകീട്ട് മൂന്നിന് കറുകപുത്തൂർ സെൻ്ററിൽനിന്ന് ആന, പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, രാത്രി 10-ന് കൊല്ലം 'തപസ്യ' കലാകേന്ദ്രം അവതരിപ്പിക്കുന്ന 'മീരാമാധവം' ബാലെ എന്നിവയുണ്ടാകും.