08 May 2024 Wednesday

20 പട്ടണങ്ങളുടെ വികസനഭൂപടത്തിൽ കൂറ്റനാടും: മന്ത്രി എം.ബി. രാജേഷ്

ckmnews



കൂറ്റനാട് : വികസനരംഗത്തു മുഖംമിനുക്കാനൊരുങ്ങുകയാണു കൂറ്റനാട് പട്ടണം. സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുത്ത 20 പട്ടണങ്ങളുടെ വികസനഭൂപടത്തിൽ കൂറ്റനാടും ഉൾപ്പെട്ടതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.


ടൗൺ വികസനത്തെപ്പറ്റിയും ഭൂമിയേറ്റെടുക്കൽ നടപടിയെക്കുറിച്ചും ചർച്ചചെയ്യുന്നതിനായി കൂറ്റനാട്ടെ പൗരപ്രമുഖരെയും വ്യാപാരിസമൂഹത്തെയും ജനപ്രതിനിധികളെയും വിളിച്ചുചേർത്തു നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടണത്തിലെ റോഡിന്റെ വീതികൂട്ടും. വാഹനം നിർത്തിയിടാനുള്ള സൗകര്യമൊരുക്കൽ, വിളക്കുകൾ സ്ഥാപിക്കൽ, പട്ടണത്തിന്റെ സൗന്ദര്യവത്കരണം മുതലായവയും നടപ്പാക്കും. കിഫ്ബി മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിർവഹണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) ആണ്.


പദ്ധതിക്കു 13.29 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 34 സെൻ്റ് ഇതിനായി ഏറ്റെടുക്കേണ്ടിവരുമെന്ന് ലാൻഡ് അക്വിസിഷൻ തഹസിൽദാർ സി. നാരായണൻ യോഗത്തിൽ അറിയിച്ചു. 2013- ലെ കേന്ദ്രനിയമപ്രകാരമുള്ള ഉയർന്ന നഷ്ടപരിഹാരത്തുകയാണു ഭൂവുടമകൾക്കു നൽകുക.

അതേസമയം, കൂറ്റനാട് പട്ടണത്തിന്റെ വികസനത്തിനായി ഭൂമിയേറ്റെടുക്കുമ്പോൾ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും പ്രദേശവാസികൾക്കും ആശങ്കവേണ്ടെന്ന് മന്ത്രി പറഞ്ഞു. കുമ്പിടിയിൽ നടക്കുന്ന വികസനപദ്ധതിയിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് പൂർണസഹകരണം ലഭിച്ചതായും കൂറ്റനാട് വികസനപദ്ധതിയിലും ഇതുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


യോഗത്തിൽ വ്യാപാരിനേതാക്കളായ കെ.ആർ. ബാലൻ, കെ.പി. സിദ്ധീഖ്, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി. ബാലചന്ദ്രൻ, അംഗങ്ങളായ കെ.വി. സുന്ദരൻ, പി. ഇന്ദിര, ബ്ലോക്ക്പഞ്ചായത്തംഗം മാളിയേക്കൽ ബാവ, കെ.ആർ.എഫ്.ബി. അസി. എൻജിനിയർമാരായ കെ.എ. ജയ, ജുഡിറ്റ് മേരി മാത്യു, പ്രോജക്‌ട് എൻജിനിയർ സനൽ, തൃത്താല പൊതുമരാമത്ത് അസി. എൻജിനിയർ സന്ധ്യ എന്നിവർ പങ്കെടുത്തു.


സ്ഥലമേറ്റെടുക്കൽ ഉടൻ തുടങ്ങും


സ്ഥലമേറ്റെടുക്കലിനും നിർമാണപ്രവൃത്തികൾക്കുമായി സ്ഥലമേറ്റെടുക്കലും മറ്റും ഉടൻ തുടങ്ങുമെന്നും നഷ്‌ടമാകുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും ആവശ്യമായ തുക നഷ്ടപരിഹാരമായി അനുവദിക്കുമെന്നും കെ.ആർ.എഫ്.ബി. ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. ആവശ്യമായ ഭൂമി കല്ലിട്ട് അടയാളപ്പെടുത്തുന്ന പ്രവൃത്തി ഈമാസംതന്നെ ആരംഭിക്കും.