09 May 2024 Thursday

കൂറ്റനാട് പട്ടണം നവീകരിക്കും; നടപ്പാക്കുന്നത് 13.29 കോടി രൂപയുടെ പദ്ധതി

ckmnews


തൃത്താല : പുതുവർഷത്തിൽ തൃത്താലമണ്ഡലത്തിലെ കൂടുതൽ വികസനപദ്ധതികൾ യാഥാർഥ്യമാകുന്നു. 13.29 കോടിരൂപ ചെലവഴിച്ച് കൂറ്റനാട് പട്ടണം നവീകരിക്കും. നിർമാണോദ്ഘാടനം ജനുവരിയിൽ നടക്കുമെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.


നിർമാണം പൂർത്തിയായ 11.02 കോടി രൂപയുടെ പദ്ധതികൾ ഈമാസം ഉദ്ഘാടനംചെയ്യും. 28.94 കോടി രൂപയുടെ ആറു പദ്ധതികളുടെ നിർമാണോദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്നു മന്ത്രി പറഞ്ഞു.

2.20 കോടിരൂപ ചെലവാക്കിയ വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസ് മാറ്റിസ്ഥാപിക്കൽ, ജി.യു.പി.എസ്. കക്കാട്ടിരി സ്കൂളിനു നിർമിച്ച കെട്ടിടം, മേഴത്തൂർ- വട്ടോളിക്കാവ് റോഡ്, നവീകരിച്ച കൂടല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ, കൂടല്ലൂർ സ്‌കൂളിൽ നിർമിച്ച സയൻസ് ലാബ്, നവീകരിച്ച കൂടല്ലൂർ-താന്നിക്കുന്ന് റോഡ്, നവീകരിച്ച രാധമ്മ മെമ്മോറിയൽ ആനക്കര ശിവക്ഷേത്രം റോഡ് എന്നിവയാണു ജനുവരിയിൽ ഉദ്ഘാടനംചെയ്യുന്ന പ്രധാന പദ്ധതികൾ.


ആനക്കര-കാലടി റോഡ് നിർമാണം (രണ്ടുകോടി രൂപ), തൃത്താല റസ്റ്റ് ഹൗസ് നവീകരണം (55 ലക്ഷം രൂപ) തുടങ്ങിയവയുടെ നിർമാണോദ്ഘാടനവും ജനുവരിയിൽ നടക്കും.

പാലത്തറ ഗേറ്റ്-അഞ്ചുമൂല റോഡെിന്റ നിർമാണം ഉടൻ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.