09 May 2024 Thursday

തൃത്താല വെള്ളിയാങ്കല്ലിൽ ജലസംഭരണം ആരംഭിച്ചു

ckmnews

പട്ടാമ്പി: മഴ മാറിയതോടെ തൃത്താല വെള്ളിയാങ്കല്ലിൽ ജലസംഭരണം തുടങ്ങി. ഷട്ടറുകൾ താഴ്ത്തിയതോടെ തൃത്താല മുതൽ പട്ടാമ്പി പഴയകടവു വരെയും വെള്ളം നിറഞ്ഞുകിടക്കുകയാണ്. പട്ടാമ്പി നഗരസഭയിലെ കുടിവെള്ളപദ്ധതികൾക്കും മുതുതല പഞ്ചായത്തിലെ പദ്ധതിപ്രദേശത്തും നിലവിൽ ജലനിരപ്പുണ്ട്.


തോട്ടുകണ്ടം കടവിലും മുതുതലയിലും താത്കാലിക തടയണകൾ കെട്ടിയാണു മുൻവർഷങ്ങളിൽ വേനലിലേക്കു ജലസംഭരണം നടത്തിയത്. നേരത്തേ തന്നെ ജലസംഭരണം ആരംഭിക്കുന്നതു കുടിവെള്ളപദ്ധതികളുടെ പമ്പിങ്ങിനു സഹായകരമാണ്. എന്നാൽ, ജലനിരപ്പു കാര്യമായി - താഴ്ന്നാൽ മലമ്പുഴ വെള്ളമാണ്ആശ്രയം. ജലനിരപ്പു തുടർച്ചയായി നിലനിർത്തിയാലേ പമ്പിങ് തടസ്സമില്ലാതെ നടത്താനാവൂ.


11 മേജർ കുടിവെള്ളപദ്ധതികളും തൃശ്ശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകൾക്കും മൂന്നു നഗരസഭകൾക്കും വെള്ളമെത്തിക്കുന്ന പാവറട്ടി ശുദ്ധജലവിതരണപദ്ധതിയും തൃത്താല റെഗുലേറ്ററിനു കീഴിലുണ്ട്. തൃത്താലമേഖലയിലെ തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിലേക്കും പാവറട്ടി പദ്ധതിയിൽനിന്ന് കുടിവെള്ളവിതരണം നടത്തുന്നുണ്ട്.


പാവറട്ടിപദ്ധതിയുടെ പ്രവർത്തനത്തിനു മാത്രം ദിവസവും 40 ദശലക്ഷം ലിറ്റർ വെള്ളം വേണം. പദ്ധതി നിലച്ചാൽദുരിതത്തിലാവുക 15000-ലധികം ഗുണഭോക്താക്കളാണ്.