റോഡു തകർച്ചയും മഴയും : പട്ടാമ്പി-ചാലിശ്ശേരി പാതയിൽ അപകടങ്ങൾ പതിവാകുന്നു.

കൂറ്റനാട് : റോഡു തകർച്ചയും മഴയും പട്ടാമ്പി-കൂറ്റനാട് പാതയിൽ യാത്രക്കാർക്ക് അപകടഭീഷണിയാവുന്നു. പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയുടെ ഭാഗമായ ഈ പ്രദേശത്ത് അപകടങ്ങൾ പതിവുകാഴ്ചയാണ്. ചാലിശ്ശേരിമുതൽ പട്ടാമ്പിവരെയുള്ള റോഡിന്റെ നടുക്കുള്ള ചാലുകളും കുണ്ടും കുഴികളും റോഡിന്റെ വീതിക്കുറവുമാണു വില്ലനാവുന്നത്.
കൂറ്റനാട് മുതൽ, പട്ടാമ്പിവരെ പാതയുടെ എല്ലാഭാഗങ്ങളും കുണ്ടും കുഴിയുമായി പൂർണമായി തകർന്ന അവസ്ഥയിലാണുള്ളത്. ഒരാഴ്ചമുമ്പ് കൂറ്റനാട് വൈദ്യുതസ്റ്റേഷനു സമീപത്തുള്ള എ.ഐ. ക്യാമറയുടെ മുന്നിൽ വലിയ അപകടം നടന്നിരുന്നു. പാതയുടെ നടുക്കുള്ള കുഴിയിൽ ചാടാതിരിക്കാൻ ബ്രേക്കിട്ട കാറിൽ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. കൂറ്റനാട് സെന്ററിൽനിന്ന് തൃത്താല റോഡിൽ മൂന്നുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം നടന്നത് വ്യാഴാഴ്ചയാണ്. ചാലിശ്ശേരി, വട്ടത്താണി,ന്യൂബസാർ, വാവനൂർ, ചാലിപ്പുറം, കട്ടിൽമാടം, ഞാങ്ങാട്ടിരി ഇറക്കം, മാട്ടായ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ആഴ്ചയിൽ ഒന്നോ രണ്ടോ അപകടങ്ങൾ ഉണ്ടാവാറുണ്ട്. കൂറ്റനാട് പള്ളിക്കു മുൻവശത്തായി റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. മഴപെയ്താൽ കുഴികളിൽ വെള്ളം നിറയും. വലിയ കുഴികളുള്ളത് അറിയാതെ യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കരിങ്കല്ലുകളും ദേശീയപാതയുടെ നവീകരണപ്രവൃത്തിക്കു മണ്ണുമായി ടോറസ് ലോറികളും ഈ പാതയിലൂടെയാണ് സ്ഥിരമായി പോകുന്നത്. ചാത്തനൂർ, ഒറ്റപ്പിലാവ്, എഴുമങ്ങാട്, അകിലാണം തുടങ്ങിയ സ്ഥലങ്ങളിലുള്ള കരിങ്കൽ ക്വാറികളിലെ ചരക്കുകളെല്ലാം ഈ പാതയിലൂടെയാണ് കൊണ്ടുപോകുന്നത്. തിരുമിറ്റക്കോട്, ചാലിശ്ശേരി, നാഗലശ്ശേരി, കപ്പൂർ ഭാഗങ്ങളിൽനിന്ന് സ്ഥിരമായി മണ്ണുലോറികൾ പോകുന്നതും ഈ വഴിയിലൂടെയാണ്. വാഹനങ്ങളിലെ അമിത ലോഡുകൾ നിയന്ത്രിക്കാൻ നടപടി ഉണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.സംസ്ഥാന പാതയുടെ തകർന്നുകിടക്കുന്ന ഭാഗങ്ങൾ ശരിയാക്കുന്നുണ്ടെന്നും മഴ നിന്നാൽ പാതയിലെ കേടുപാടുകൾ പൂർണമായും ശരിയാക്കുമെന്നും പൊതുമരാമത്ത് റോഡ് മെയിന്റനൻസ് വിഭാഗം അധികൃതർ പറഞ്ഞു.