08 May 2024 Wednesday

തൃത്താലയിലേത് ഇരട്ടക്കൊല'പിടിയിലായ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യം മരിച്ച രണ്ട് പേരുടെയും കഴുത്തിന് വെട്ടേറ്റു'ദുരൂഹത കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു

ckmnews

തൃത്താലയിലേത് ഇരട്ടക്കൊല'പിടിയിലായ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യം


മരിച്ച രണ്ട് പേരുടെയും കഴുത്തിന് വെട്ടേറ്റു'ദുരൂഹത കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുന്നു


പട്ടാമ്പി: തൃത്താല കണ്ണനൂരിൽ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ടക്കൊലപാതകം.വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭാരതപ്പുഴയിൽനിന്ന് കണ്ടെത്തിയതോടെ. അൻസാറിനെ കൊന്നതിന് സമാനമായി കബീറിനെയും കഴുത്തുമുറിച്ച് കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ സുഹൃത്ത് മുസ്തഫ പോലീസ് കസ്റ്റഡിയിലാണ്.


വ്യാഴാഴ്ച കൊല്ലപ്പെട്ട കൊണ്ടൂർക്കര പറമ്പിൽ അൻസാറി (25) നൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാരക്കാട് സ്വദേശി തേനോത്ത്പറമ്പിൽ കബീറിനായി അന്വേഷണം നടക്കുന്നതിനിടെയാണ് കരിമ്പനക്കടവിനുസമീപം ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലം പോലീസിന്റെ നേതൃത്വത്തിൽ പരിശോധിക്കുമ്പോഴാണ് കണ്ണനൂർ കയത്തിനു സമീപം വെള്ളത്തിൽ കാലുകൾ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.


കൊല്ലപ്പെട്ട അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റസുഹൃത്തുക്കളാണെന്നു പറയുന്നു. മൂന്നുപേരുംകൂടി വ്യാഴാഴ്ച കാറിൽ മീൻപിടിക്കാൻ ഭാരതപ്പുഴയിലെ കരിമ്പനക്കടവിലെത്തിയിരുന്നു. ഇതിനിടെ, കൊലപാതകങ്ങൾ നടന്നെന്നാണു കരുതുന്നത്.


കൊലയിലേക്കു നയിച്ച കാരണമെന്തെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കരിമ്പനക്കടവിൽ കഴുത്തിൽ വെട്ടേറ്റനിലയിൽ അൻസാർ വാഹനങ്ങൾക്ക് കൈകാണിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് വാഹനത്തിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പരിസരത്ത് രക്തപ്പാടുകൾ കണ്ടതും പോലീസിനെ അറിയിച്ചതും. സുഹൃത്താണ് കുത്തിയതെന്ന് അൻസാർ മൊഴിനൽകിയതായി പിന്നീട് പുറത്തുവന്നു. ഒപ്പമുണ്ടായിരുന്ന കബീറിനെയും മരിച്ചനിലയിൽ കണ്ടെത്തിയതോടെ ദുരൂഹതയേറുകയാണ്.


കസ്റ്റഡിയിലെടുത്ത മുസ്തഫയെ ചോദ്യംചെയ്തുവരികയാണെന്നാണ് പോലീസ് പറയുന്നത്. കരിമ്പനക്കടവിനുസമീപം കല്യാണപ്പടിയിൽ പാടശേഖരത്തിനു സമീപത്തുകൂടെ പുഴയിലേക്ക് ഒരുവഴിയുണ്ട്. പരിസരത്ത് വീടുകൾ കുറവായതിനാൽ ഈ വഴിയിലൂടെ പുഴയിലേക്കു പോകുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടില്ല. ഈ വഴിക്കു മുന്നിലായി ഒരു കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആമിനയാണ് അഹമ്മദ് കബീറിന്റെ മാതാവ്.


കണ്ണനൂരിൽ നടന്നത് യുവാക്കളുടെ ഇരട്ടക്കൊലപാതകമാണെന്ന വാർത്ത പുറത്തുവന്നതോടെ പട്ടാമ്പിക്കാർ ഞെട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മരിച്ച അൻസാറിന്റെ കഴുത്തിൽ ഏഴുസെന്റീമീറ്ററോളം നീളത്തിലാണ് വെട്ടേറ്റിരിക്കുന്നത്. ഒന്നരയിഞ്ച് ആഴത്തിലുള്ളതാണു മുറിവ്. ഈ മുറിവുതന്നെയാണു മരണകാരണവും. മൂർച്ചയുള്ള കത്തിയുപയോഗിച്ചുള്ള ഒറ്റവെട്ടാണുണ്ടായതെന്നാണു പോലീസ് നൽകുന്ന സൂചന.


മുറിവേറ്റ അൻസാർ പുഴയിൽനിന്ന് പാടവരമ്പിലൂടെ 200 മീറ്ററോളം ഓടിയാണ് റോഡിലേക്കെത്തിയത്. തുടർന്നു നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അവശനായി. അധികംവൈകാതെ മരിച്ചു. അൻസാറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാവും കൊലനടത്തിയതെന്ന നിഗമനമായി പിന്നീട്. ഇതിനിടെ സുഹൃത്ത് മുസ്തഫയെ പോലീസ് പിടികൂടി. പിന്നീട് സുഹൃത്തായ കബീറിനുവേണ്ടിയായി അന്വേഷണം.


വെള്ളിയാഴ്ച ഉച്ചയോടെയാണ് കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴമേറിയ വെട്ടാണ് കബീറിനും ഏറ്റിട്ടുള്ളതെന്നാണു സൂചന. മുസ്തഫയുടെ മൊഴിയിലെ വൈരുധ്യമാണു പോലീസിനെ കുഴക്കുന്നത്. കബീറാണ് അൻസാറിനെ കുത്തിയതെന്നായിരുന്നു ആദ്യമൊഴി. എന്നാൽ, കബീറിന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ദുരൂഹത കൂടി. കൊലപാതകത്തിലേക്കുനയിച്ച കാരണമെന്താണെന്നു കൂടുതൽ ചോദ്യംചെയ്യലിലേ പുറത്തുവരൂ.


അപ്രതീക്ഷിതമായ ഇരട്ടക്കൊലപാതകം അൻസാറിന്റെയും കബീറിന്റെയും നാട്ടുകാരായ ഓങ്ങല്ലൂർക്കാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. വർഷങ്ങൾക്കു മുമ്പ്, ഭാരതപ്പുഴയിൽ ഒഡിഷ സ്വദേശിയെ സുഹൃത്തുക്കൾ കഴുത്തറുത്തുകൊലപ്പെടുത്തിയിരുന്നു


കണ്ണനൂരിലെ ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന അന്വേഷണത്തിൽ പോലീസ്. മൂന്നുപേർ സംഭവത്തിലുൾപ്പെട്ടിട്ടുണ്ടെന്നാണു പ്രാഥമികനിഗമനം. ഇതിൽ രണ്ടുപേർ മരിച്ചു.


എന്നാൽ, ഒരാൾക്കു രണ്ടുപേരെ കീഴ്പ്പെടുത്താനാവുമോയെന്നതു പോലീസിനെ കുഴക്കുന്നുണ്ട്. ഇതിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. കൊല്ലപ്പെട്ട കബീർ അൻസാറിനെ കുത്തിയെന്നാണു കസ്റ്റഡിയിലായ മുസ്തഫ ആദ്യം പറഞ്ഞതെന്നാണു പോലീസ് നൽകുന്ന സൂചന. എന്നാൽ, വെള്ളിയാഴ്ച ഉച്ചയ്ക്ക് പുഴയിൽനിന്ന് കബീറിന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇതിൽ സംശയങ്ങളുയർന്നു.


മീൻ പിടിക്കാനാണു പുഴയിലെത്തിയതെന്നു പറയുന്നുണ്ടെങ്കിലും രാത്രിയിൽ മീൻ പിടിക്കാൻ ഒഴിഞ്ഞ സ്ഥലത്തേക്കെത്തുമോ എന്നതും സംശയമുണർത്തുന്നുണ്ട്.


സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനമുണ്ടെങ്കിലും കത്തിയുപയോഗിച്ചാണ് ആക്രമണം. അതിനാൽ ഇത് ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യങ്ങൾക്കടക്കം ഉത്തരം ലഭിക്കേണ്ടതുണ്ട്.


അഹമ്മദ് കബീറിന്റെ മൃതദേഹം കണ്ടെത്തിയ പുഴയോരത്തെ പാറക്കെട്ടിനു മുകളിൽ മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. കുത്തേറ്റ അൻസാർ ആശുപത്രിയിലെത്തിയശേഷം, തന്നെ കുത്തിയതു സുഹൃത്തായ മുസ്തഫയാണെന്ന മൊഴിയാണു പോലീസിനു പിടിവള്ളിയായത്.


പുഴയോരത്തെ പാറക്കെട്ടിനു സമീപം കബീറിന്റെ മൊബൈൽ ഫോണും കണ്ണടയും കണ്ടെത്തി. കബീറിന്റെ ഫോൺ ലോക്കേഷൻ കാണിച്ചതും സംഭവസ്ഥലത്തു തന്നെ. ഇതോടെയാണു കബീറിന്റെ മൃതദേഹം പുഴയിലുണ്ടാവുമെന്ന നിഗമനത്തിലേക്കു പോലീസ് എത്തിയത്.


ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി വിശദപരിശോധന നടത്തി. വെള്ളിയാഴ്ച വൈകീട്ടോടെ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദും സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണസംഘവുമായി ചർച്ച നടത്തി. അഹമ്മദ് കബീറിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. ഷൊർണൂർ ഡിവൈ.എസ്.പി. പി.സി. ഹരിദാസിന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്