08 May 2024 Wednesday

ആറങ്ങോട്ട്കരയിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 45 ബസുകൾ കാരുണ്യയാത്ര നടത്തി

ckmnews



ആറങ്ങോട്ട്ക്കര:നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി 45 ബസുകൾ കാരുണ്യയാത്ര നടത്തി. ആറങ്ങോട്ടുകര സ്വദേശികളായ ജയരാജ് - ശ്യാമ ദമ്പതികളുടെ നാലുമാസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്തുന്നതിനാണ് ആറങ്ങോട്ടുകര, ദേശമംഗലം, ഷൊർണൂർ, തൃശൂർ, ചേലക്കര, പട്ടാമ്പി, കുന്നംകുളം, ചെർപ്പുളശ്ശേരി, എടപ്പാൾ, കൂറ്റനാട്, ഗുരുവായൂർ, മണ്ണാർക്കാട്, കുറ്റിപ്പുറം, കൂടല്ലൂർ, കറുകപുത്തൂർ, നെടുമ്പുര തുടങ്ങിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന 45 ബസുകൾ കാരുണ്യയാത്രയിൽ പങ്കാളികളായത്.


ഇന്നലത്തെ മുഴുവൻ കളക്‌ഷനും ചികിത്സ ധനസഹായ നിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് ഇവർ പറഞ്ഞു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിക്ക് ഏകദേശം 35 ലക്ഷം രൂപയോളമാണ്  ശസ്ത്രക്രിയയ്ക്കായി വേണ്ടത്. മരപ്പണിക്കാരനായ ജയരാജിനും കുടുംബത്തിനും  ഇത്രയും തുക കണ്ടെത്താൻ കഴിയില്ല. 


കുട്ടിയുടെ ചികിത്സയ്ക്കു വേണ്ടിയുള്ള തുക കണ്ടെത്തുന്നതിനു ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.ജയരാജൻ ചെയർമാനായും, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. മധു  കൺവീനറായും, കലാപാഠശാല ആറങ്ങോട്ടുകരയിലെ കെ.വി. ശ്രീജ ട്രഷററായും ജനകീയ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.