08 May 2024 Wednesday

ചാലിശേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ 'തിരികെ സ്കൂളിലേക്ക്' പദ്ധതിക്ക് തുടക്കം കുറിച്ചു

ckmnews


ചാലിശ്ശേരി:സ്ത്രീ ശാക്തീകരണ വഴികളിൽ സമാനതകളില്ലാത്ത മറ്റൊരു മുന്നേറ്റത്തിനു കൂടി കേരളം സാക്ഷിയാകുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 46 ലക്ഷം കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുന്ന തിരികെ സ്കൂളിൽ എന്ന പരിപാടിയുടെ ചാലിശേരി പഞ്ചായത്ത് തല ക്യാമ്പയിനാണ് കുടുംബശ്രീ അംഗങ്ങളുടെ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത് .ചാലിശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയ്ൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എ. വി സന്ധ്യ പതാക ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.മുദ്ര ഗീതത്തോടെ ആരംഭിച്ച പഠന ക്ലാസിലാദ്യം 

മാലിന്യമുക്ത ശുചിത്വ പ്രതിജ്ഞയും അസംബ്ലിയും ചേർന്നു.സ്കൂൾ പഠനകാലത്തെ അനുസ്മരിക്കുന്നവിധമാണ് പ്രവർത്തനം നടത്തിയത്.


പഞ്ചായത്തിലെ 5, 6 , 12 , 15 വാർഡുകളിൽ നിന്നുള്ള 493 അംഗങ്ങൾ എട്ട് ക്ലാസ് മുറികളിലെ വിദ്യാർത്ഥികളായി എട്ട് ക്ലാസ്മുറികൾക്കും എട്ടു പുഷ്പങ്ങളുടെ പേരുകൾ നൽകി.കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുന്നതിനായി വിദഗ്ധ പരിശീലനം ലഭ്യമാക്കുന്നതിനാണ് സംഘടിപ്പിച്ച ക്ലാസുമുറികളിൽ സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്. ദേവിക , ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ , ഇ.കെ മണികണ്ഠൻ , സിഡിഎസ് അംഗങ്ങൾ എന്നിവർ ക്ലാസ്സെടുത്തു.അയല്‍ക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, സ്ത്രീപദവി ഉയര്‍ത്തുന്നതിന് സഹായകമാകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയെക്കുറിച്ചാണ് ക്ലാസെടുത്തത്.വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളുമായാണ് പ്രായത്തെ വകവെക്കാതെ നിരവധി വനിതകള്‍ പങ്കെടുത്തു.ഇടവേളകളിൽ മധുരം നുണയാൻ മിഠായി കച്ചവടവും വേറിട്ട കാഴ്ചയായി.ദേശീയഗാനത്തിനു ശേഷം എല്ലാവരും ചേർന്ന് പാട്ടുപാടി നൃത്തം വെച്ചത് കുടുംബശ്രീ അംഗങ്ങൾക്ക് ആവേശം പകർന്നു.പഞ്ചായത്തിലെ ആദ്യത്തെ തിരികെ സ്കൂളിലേക്ക് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ , സ്കൂൾ പി ടി എ പ്രസിഡന്റ് പി.വി.രജീഷ് കുമാർ , മുൻപഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എം. കുഞ്ഞുകുട്ടൻ , ടി.കെ. സുനിൽ കുമാർ , എം.ടി.എ പ്രസിഡന്റ് നിഷ അജിത്ത് കുമാർ , സിഡിഎസ് ചെയർപേഴ്സൺ ലത സൽഗുണൻ , രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. വിജയമ്മ ടീച്ചർ , പി.ഐ യൂസഫ് ,കെ.സി.കുഞ്ഞൻ , ഉപസമിതി കൺവീനർ മാരായ സിന്ധു സുരേന്ദ്രൻ , സുപ്രിയ ജാസ്മിൻ , ഗിരിജ രാമചന്ദ്രൻ , പ്രിയ സുരേഷ് , പ്രീത ഉണ്ണികൃഷ്ണൻ ,പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.