08 May 2024 Wednesday

പാലക്കാട് ജില്ലാ സ്‌കൂൾ കായികമേള നാളെമുതൽ ചാത്തനൂരിൽ നടക്കും

ckmnews

പാലക്കാട് ജില്ലാ സ്‌കൂൾ കായികമേള നാളെമുതൽ ചാത്തനൂരിൽ നടക്കും


പട്ടാമ്പി : ജില്ലാ സ്‌കൂൾ കായികമേള അഞ്ചുമുതൽ ഏഴുവരെ തൃത്താല ചാത്തനൂർ ഗവ. ഹയർസെക്കൻഡറിസ്‌കൂളിലെ സിന്തറ്റിക് ട്രാക്കിൽ നടക്കും. 12 ഉപജില്ലകളിൽനിന്നായി 2500 പേർ പങ്കെടുക്കും. 96 വ്യക്തിഗത ഇനങ്ങളും പത്തിലേറെ റിലേ മത്സരങ്ങളുമാണ് നടക്കുകയെന്ന് സംഘാടകസമിതി ചെയർപേഴ്‌സണും തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ടി. സുഹറ, ജനറൽ കൺവീനറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ പി.വി. മനോജ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

സീനിയർ, ജൂനിയർ, സബ്ബ് ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരം.


വ്യാഴാഴ്ച എട്ടിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ് കുമാർ പതാക ഉയർത്തും. തുടർന്ന് ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ ജേതാവ് പി. അഭിരാം ദീപശിഖ തെളിയിക്കും. പി. മമ്മിക്കുട്ടി എം.എൽ.എ. കായികമേള ഉദ്ഘാടനംചെയ്യും. ഏഴിന് വൈകീട്ട് സമാപനസമ്മേളനം പി.പി. സുമോദ് എം.എൽ.എ. ഉദ്ഘാടനംചെയ്യും.