08 May 2024 Wednesday

തൃത്താല പോലീസ് സ്‌റ്റേഷൻ പരിധിയിൽ എഴുത്തു ലോട്ടറി ചൂതാട്ടം വ്യാപക റെയ്ഡ്:രണ്ട് പേർ തൃത്താല പോലീസിന്റെ കസ്റ്റഡിയിൽ

ckmnews

തൃത്താല പോലീസ് സ്‌റ്റേഷൻ പരിധിയിൽ എഴുത്തു ലോട്ടറി ചൂതാട്ടം


വ്യാപക റെയ്ഡ്:രണ്ട് പേർ തൃത്താല പോലീസിന്റെ കസ്റ്റഡിയിൽ


തൃത്താല പോലീസിന്റെ നേതൃത്വത്തിൽ എഴുത്തു ലോട്ടറിക്കെതിരെ സ്റ്റേഷൻ പരിധികളിലെ വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. എഴുത്തു ലോട്ടറി നടത്തുന്നുവെന്ന പരാതിയിൽ ആനക്കരയിലെ ശ്രീലക്ഷ്മി ലോട്ടറി ഏജൻസി  നടത്തുന്നവർക്കെതിരെ പോലീസ് കേസെടുത്ത് നടപടികൾ  സ്വീകരിച്ചു.സംഭവത്തിൽ ശ്രീലക്ഷ്മി ലോട്ടറിക്കട ഉടമ ഷൺമുഖദാസ്, സഹായി മിതുൽ കൃഷ്ണ എന്ന മനു എന്നിവരാണ് പോലീസ് പിടിയിലായത്.എഴുത്തു ലോട്ടറി കാരണം നിരവധി കുടുംബങ്ങൾ തകരുന്നു എന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ്  റെയ്ഡുകൾ നടന്നത്.തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിലെ ആനക്കര,കുമ്പിടി,പടിഞ്ഞാറങ്ങാടി, ആലൂർ മേഖലകളിലെ ലോട്ടറി കടകൾ കേന്ദ്രീകരിച്ച് രണ്ട് സംഘങ്ങൾ ആയാണ് പോലീസ് റെയ്ഡ് നടന്നത്. കേരളസംസ്ഥാന ലോട്ടറിയുടെ കച്ചവടത്തിൻ്റെ മറവിലാണ് പലരും ഇത്തരം ചൂതാട്ടത്തിന് മുതിരുന്നത്. 

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പറുകൾ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി. ഒരു തവണ മൂന്നക്ക നമ്പർ എഴുതാൻ 10 രൂപയാണ് ഈടാക്കുന്നത്. ചില കടകളിൽ ഈ തുക പിന്നെയും ഉയരും. ഒരേ നമ്പർ തന്നെ ചുരുങ്ങിയത് ഒരാൾക്ക് 100 എണ്ണം വരെ എഴുതാം എന്നതിലൂടെ സമാന്തര ലോട്ടറിയിലൂടെ പ്രതിദിനം മറിയുന്നത് ലക്ഷങ്ങളാണ്. എഴുതിയ നമ്പറുകൾ ഒത്തുവന്നാൽ എഴുതിയ എണ്ണത്തിന് അനുസരിച്ച് 5000 രൂപ സമ്മാന തുക ലഭിക്കും.മൊബൈൽ അപ്ലിക്കേഷനുകളടക്കം രൂപകൽപ്പന ചെയ്താണ് എഴുത്ത് ലോട്ടറി ചൂതാട്ട ലോബിയുടെ പ്രവർത്തനം.ആയിരങ്ങളാണ് ആളുകൾ പ്രതിദിനം എഴുത്ത് ലോട്ടറി വാങ്ങാൻ ചിലവഴിക്കുന്നത്.നേരത്തേ വലിയ അങ്ങാടികൾ മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന എഴുത്ത് ലോട്ടറി ചൂതാട്ടം ഗ്രാമീണ മേഖലകളിലേക്കും വ്യാപിച്ചതോടെയാണ് പോലീസ് ഇവർക്കെതിരെ നിയമ നടപടികളുമായി രംഗത്തെത്തിയത്.തൃത്താല എസ് എച്ച് ഒ സി.വിജയകുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐ മാരായ കെഎം ഷാജി ,സുരേഷ് എന്നിവരുടെ കീഴിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്. ലോട്ടറി കടകളിൽ നിന്നും എഴുത്ത് ലോട്ടറി സ്ലിപ്പുകളും, മറ്റ് രേഖകളുമെല്ലാം പോലീസ് കണ്ടെടുത്തു. വരും ദിവസങ്ങളിലും പോലീസ് പരിശോധന തുടരും