08 May 2024 Wednesday

ജി.സി.സി. ക്ലബ്ബ് ചാലിശേരി ജി.എച്ച്.എസ്. എസിലെ കായിക പ്രതിഭകളെ അനുമോദിച്ചു.

ckmnews


ചാലിശ്ശേരി ജിസി സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ചാലിശേരി ഗവ: ഹയർസെക്കണ്ടറി  സ്കൂളിലെ കായിക പ്രതിഭകളെ അനുമോദിച്ചു.തൃത്താല ഉപജില്ല കായിക മേളയിൽ  ഫുട്ബോൾ, വോളിബോൾ എന്നീ വിഭാഗങ്ങളിൽ വിജയം കൈവരിച്ച സബ്ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലെ ആൺകുട്ടികളെയും , വോളിബോൾ ജൂനിയർ വിഭാഗം പെൺകുട്ടികളെയും അടക്കം തൊണ്ണൂറോളം കായിക താരങ്ങങ്ങളെയാണ്  അനുമോദിച്ചത്.കായിക അധ്യാപകർ , കോച്ചുമാർ  എന്നിവരെയും ചടങ്ങിൽ  ആദരിച്ചു.ക്ലബ്ബ് ഹൗസിൽ നടന്ന ആദരവ് സദസ്  ക്ലബ്ബ് രക്ഷാധികാരി കവുക്കോട് എൽ. പി .സ്കൂൾ പ്രധാനധ്യാപകനുമായ ബാബു നാസർ ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡൻറ് ഷാജഹാൻ നാലകത്ത് അധ്യക്ഷനായി.സ്കൂൾ പ്രധാന അധ്യാപിക ടി. എസ്. ദേവിക മുഖ്യ അതിഥിയായി.ചടങ്ങിൽ സ്കൂൾ കായിക അദ്ധ്യാപകരായ  ഷക്കീല മുഹമ്മദ് ,ശരത് ,വോളിബോൾ കോച്ചുമാരായ നാസർ പാറമേൽ സിയാദ് ഉസ്മാൻ,ഫുട്ബോൾ പരിശീലകൻ ആഷിൽ എന്നിവരെ എച്ച്.എം. ടി.എസ് ദേവിക ,  പി ടി എ പ്രസിഡൻറ് പി. കെ .കിഷോർ , ക്ലബ്ബ് സീനിയർ അംഗം സി. എം. സജീവൻ , ഇന്ത്യൻ ആർമി താരം അബുതാഹീർ എന്നിവർ പൊന്നാട നൽകി ആദരിച്ചു.സെക്രട്ടറി നൗഷാദ് മുക്കുട്ട , വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ എന്നിവർ സംസാരിച്ചു.സ്കൂളിലെ എല്ലാ കായിക താരങ്ങൾക്കും മെഡലുകളും , വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും നൽകി.കഴിഞ്ഞ നാൽപത്തിമൂന്ന് വർഷമായി കായിക രംഗത്ത് പടയോട്ടം നടത്തുന്ന ജി.സി.സി.ക്ക് നിരവധി താരങ്ങളെ  രാജ്യത്തിന്റെ   കായിക ഭൂപടത്തിൽ മുൻനിരയിൽ എത്തിക്കുവാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്.വളർന്ന് വരുന്ന പുതു തലമുറക്ക് കായികമാണ് ലഹരി എന്ന ലക്ഷ്യത്തിലൂടെ സഞ്ചരിക്കുവാനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനുമായി കുട്ടികളെ  കാൽപന്ത് കളിയുടെ ഇന്ദ്രജാലകൾ പഠിപ്പിക്കുവാൻ  രണ്ട് വർഷമായി ജി.സി.സി.ഫുട്ബോൾ അക്കാദമിയിലൂടെ ഉയർന്ന പരിശീലനം നൽകുന്നുണ്ട്.വോളിബോളിലും ഉദിച്ചുയരാൻ      അക്കാദമി ഒരുക്കാനുള്ള അവസാന ഒരുക്കത്തിലാണ്.സ്കൂൾ ഗാലറി ഉദ്ഘാടനത്തിന്റെ ഭാഗമായി 40000 രൂപ ചിലവിൽ നാല് ഗോൾ പോസ്റ്റുകൾ ജി.സി.സി. മൈതാനത്ത് സ്ഥാപിച്ചതും സ്കൂളുമായി ക്ലബ്ബിനുള്ള കരുതലിന്റെ മാതൃകയായി.ഇരുന്നൂറിലധികം അംഗങ്ങളുള്ള ക്ലബ്ബ് കായിക മേഖലക്കപ്പുറം കലാ- സംസ്ക്കാരിക , സാമൂഹ്യ മേഖലകളിലും, ജീവകാരുണ്യ രംഗത്തും  നിറസാന്നിധ്യമാണ് 

പരിപാടികൾക്ക് പ്രസിഡന്റ് ഷാജഹാൻ നാലകത്ത്  സെക്രട്ടറി നൗഷാദ് മുക്കൂട്ട , വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ , ട്രഷറർ എം.എ.ഇക്ബാൽ ,എക്സ്ക്യൂട്ടീവ് അംഗങ്ങളായ റോബർട്ട് തമ്പി , റംഷാദ് , ഷമീർ , ജിജു ജെക്കബ് , ബാസിത് , ഫാരി , റിഷാദ് , ഫായിസ് , ജൂനൈദ് എന്നിവർ നേതൃത്വം നൽകി