08 May 2024 Wednesday

കായിക ഭൂപടത്തിൽ ഇനി ചാലിശ്ശേരിയിലെ ഫുട്ബോൾ ഗ്യാലറിയും കായിക പ്രേമികളുടെ ചിരകാല സ്വപ്നം ഇന്ന് നാടിന് സമർപ്പിക്കും

ckmnews

കായിക ഭൂപടത്തിൽ ഇനി ചാലിശ്ശേരിയിലെ  ഫുട്ബോൾ ഗ്യാലറിയും


കായിക പ്രേമികളുടെ ചിരകാല സ്വപ്നം ഇന്ന് നാടിന് സമർപ്പിക്കും


ചാലിശ്ശേരി:ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്തെ   നിർമ്മാണം പൂർത്തിയാക്കിയ ഫുട്ബോൾ ഗ്യാലറി  ഇന്ന് (വ്യാഴാഴ്ച) നാടിന് സമർപ്പിക്കും.പ്രദേശത്തെ കായിക പ്രേമികളുടെ ഏറെ കാലത്തെ ചിരകാല സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്.സംസ്ഥാന സർക്കാരിന്റെ 74 ലക്ഷം രൂപ ചിലവിട്ടാണ് സ്കൂളിൽ ഗ്യാലറി, സ്റ്റേജ്,കവാടം എന്നിവ നിർമ്മാണം പൂർത്തിയാക്കിയത്‌.42 മീറ്റർ നീളത്തിൽ അഞ്ചു നിരകളിലായി ഏകദേശം ആയിരം പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയും 760 ചതുരശ്രടി വലിപ്പമുള്ള ഓപ്പൺ  സ്റ്റേജുമാണ് നിർമിച്ചിരിക്കുന്നത്.കൂടാതെ കായിക താരങ്ങൾക്കായി  ഗ്രീൻ റൂമും,ശുചിമുറികളും പ്രവേശന കവാടവും നിർമിച്ചിട്ടുണ്ട്.2007 ൽ  സ്കൂളിന്റെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് നൽകിയ അഞ്ച് ലക്ഷം രൂപ ചിലവിൽ 25000 യൂണിറ്റ് മണ്ണ് ഉപയോഗിച്ച് ഏഴടി ഉയരത്തിൽ ഗ്രൗണ്ട് നിരപ്പാക്കി നൽകിയിരുന്നു.പിന്നീട് ജനകീയ സമിതി ഫുട്ബോൾ മേള സംഘടിപ്പിച്ച് സ്വരൂപിച്ച തുകയും , കായിക പ്രേമികളുടെ  സാമ്പത്തിക സഹായവും ഉപയോഗിച്ചാണ് നിലവിലെ മൈതാനം പന്ത് കളിക്ക് അനുയോജ്യമാക്കിയത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് തദ്ദേശ സ്വയം ഭരണഎക്സൈസ് വകുപ്പ് മന്ത്രി എം. ബി .രാജേഷ് ഗ്യാലറി ഉദ്ഘാടനം ചെയ്യും  പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ .ബിനു മോൾ അധ്യക്ഷത വഹിക്കും.നിരവധി കായിക താരങ്ങളെ വളർത്തിയെടുത്ത വിദ്യാലയത്തിലെ ഗ്യാലറിയുടെ സമർപ്പണം കായിക പ്രേമികളുടെ അഭിമാന നിമിഷങ്ങളായി മാറും