09 May 2024 Thursday

ദേശീയ ഫോക് ഫെസ്റ്റിവൽ 10, 11, 12 തീയതികളിൽ വെള്ളിനേഴി കലാഗ്രാമത്തിൽ നടക്കും

ckmnews



തൃത്താല:കേരള സംഗീത നാടക അക്കാദമിയും തഞ്ചാവൂർ സൗത്ത് കൾച്ചറൽ സെന്ററും ചേർന്ന് ഭാരതത്തിന്റെ തനതു നാടൻ കലാരൂപങ്ങളെ പരിചയപ്പെടുത്താനായി നടത്തുന്ന ദേശീയ ഫോക് ഫെസ്റ്റിവൽ 10, 11, 12 തീയതികളിൽ വെള്ളിനേഴി കലാഗ്രാമത്തിൽ നടക്കും.പത്തിന് വൈകുന്നേരം അഞ്ചിന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ ഉദ്ഘാടനം ചെയ്യും.പി.മമ്മിക്കുട്ടി എം.എൽ.എ.അധ്യക്ഷനാകും. കരിവെള്ളൂർ മുരളി,അഡ്വ.കെ.പ്രേംകുമാർ എം.എൽ.എ., സൗത്ത് സോൺ കൾച്ചറൽ സെന്റൻ തഞ്ചാവൂർ ഡയറക്ടർ കെ.കെ.ഗോപാലകൃഷ്ണൻ തുടങ്ങി പ്രമുഖർ പങ്കെടുക്കും.തുടർന്ന് രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന ഗൂമർ,റൗട്ട് നാച്ചാ, സമയ് തുടങ്ങിയ കലാവിരുന്നുകൾ നടക്കും. 11-ന് വൈകുന്നേരം ഏഴിന് ഗുജറാത്തിലെ ഡാൺഡിയ രാസ്, ഒറീസയിലെ തൽഖായി, രാജസ്ഥാനിലെ കൽബെലിയ തുടങ്ങിയ കലാവിരുന്നുകളും നടക്കും. 12-ന് വൈകുന്നേരം 5.30-ന് സമാപന സമ്മേളനം സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും.ഏഴിന് മധ്യപ്രദേശിലെ ബധായി,ഗുജറാത്തിലെ ഹുഡോ, രാജസ്ഥാനിലെ ചക്രി തുടങ്ങിയ കലാവതരണങ്ങളോടെ പരിപാടിക്ക് തിരശീല വീഴും.