08 May 2024 Wednesday

ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 1984- 85 എസ്. എസ്. എൽ. സി ബാച്ച് കുടുംബസംഗമം സംഘടിപ്പിച്ചു

ckmnews

ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി  സ്കൂളിലെ 1984- 85 എസ്. എസ്. എൽ. സി ബാച്ച് കുടുംബസംഗമം സംഘടിപ്പിച്ചു


ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി  സ്കൂളിലെ 1984- 85 എസ്. എസ്. എൽ. സി ബാച്ച് ഈ തണലിൽ ഇത്തിരി നേരം കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു.മുപ്പത്തിയെട്ട് വർഷങ്ങൾക്കു ശേഷമാണ് അക്ഷര മുറ്റത്ത് പൂർവ്വ വിദ്യാർത്ഥികൾ കുടുംബസംഗമവും ഓണഘോഷവും നടത്തിയത്.രാവിലെ കൂട്ടായ്മയിലെ സ്ത്രീകൾ ആദ്യകാലങ്ങളിൽ  സ്കൂൾ ക്ലാസ് മുറികളിൽ ഒരുക്കിയ ഓർമ്മകൾ  പുതുക്കി വീടുകളിൽ നിന്ന് പൂക്കൾ എത്തിച്ച് മനോഹരമായ പൂക്കളം ഒരുക്കി.കൂട്ടായ്മയിൽ നിന്ന് വിടവാങ്ങിയ കൂട്ടുകാരെ സ്മരിച്ച് ആരംഭിച്ച പരിപാടിയിൽ ബാച്ചിലെ പ്രവാസി അംഗങ്ങൾ ചേർന്ന് കാൽ ലക്ഷതിലധികം രൂപ ചിലവ് ചെയ്ത സ്കൂളിലെ ഓഡിറ്റോറിയത്തിലും , മറ്റു കെട്ടിടങ്ങളിലും ഘടിപ്പിച്ച വലിയ എൽ. ഇ.ഡി ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം പ്രവാസി അംഗങ്ങളുടെ സഹധർമ്മിണിമാർ ചേർന്ന് നിർവ്വഹിച്ചു.സ്കൂളിലേക്ക് 500 കസേരയും കൂട്ടായ്മ നൽകിയ സമ്മാനിച്ചിരുന്നു.


മൂന്നര പതിറ്റാണ്ടിനു ശേഷം അംഗങ്ങൾ ഒരുമിച്ചപ്പോൾ സൗഹൃദവും, സ്നേഹവും പങ്കു വെച്ച് എല്ലാവരും വീണ്ടും പഴയ ക്ലാസുമുറികളിലെ സഹ പാഠികളായി.അദ്ധ്യാപകരോടാപ്പം  കുടുംബാംഗങ്ങൾ ചേർന്ന്  വിഭവ സമൃദ്ധമായ ഓണസദ്യയും കഴിച്ചു.തുടർന്ന് വിവിധകലാ മത്സരങ്ങൾ നടത്തി.സ്ത്രീകളും പുരുഷന്മാരും ചേർന്ന് നടത്തിയ വടംവലി ആവേശമായി.കസേരകളി,  സ്പൂൺ  റൈസ് , ബലൂൺ പൊട്ടിക്കൽ എന്നിവയും തിരുവാതിരയും , ഒപ്പനയും , നാട്ടൻ പാട്ടും , കവിതയും , സംഗീതവും എല്ലാംചൊല്ലി പരിപാടി വർണാഭമാക്കി.ദേശീയ ഗാനം ആലപിച്ച് പരിപാടികൾ സമാപിച്ചു.


ചടങ്ങിൽ സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , പി ടി എ പ്രസിഡൻറ് പി കെ കിഷോർ, പ്രോഗ്രാം കോർഡിനേറ്റർ സി. വി. മണികണ്ഠൻ, രവീന്ദ്രൻ , വിദ്യാവതി  എന്നിവർ സംസാരിച്ചു.പരിപാടികൾക്ക് റസാഖ് നാലകത്ത് , വിമൽ കുമാർ ,കൊച്ചുമോൻ , ജെസി ജോർജ് , റീന പോൾ , കൃഷ്ണൻ ആലിക്കര , മണികണ്ഠൻ പട്ടി ശേരി എന്നിവർ നേതൃത്വം നൽകി.