09 May 2024 Thursday

നാട് കൈകോർത്തു; ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിന് സ്ഥലം വാങ്ങാനായി സ്വരൂപിച്ചത് 19.60 ലക്ഷം രൂപ.

ckmnews


ചാലിശ്ശേരി : സ്കൂൾ വികസനത്തിനായി കൈകോർത്ത് നാട്ടുകാരും പൂർവവിദ്യാർഥികളും. ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടം നിർമിക്കാനുള്ള ഏഴു സെന്റ് സ്ഥലം വാങ്ങാനായി നാട്ടുകാർ ചേർന്ന് സ്വരൂപിച്ചത് 19.60 ലക്ഷം രൂപ. ജനകീയ സ്കൂൾ വികസനസമിതിയാണ് ഏഴുമാസത്തിനിടെ ഇത്രയും തുക കണ്ടെത്തിയത്. സ്വരൂപിച്ചെടുത്ത തുക ഭൂവുടമ അബൂബക്കർ ദാരിമിക്ക് കൈമാറി. 


എൽ.പി. വിഭാഗത്തിൽ മാത്രം 650-ഓളം വിദ്യാർഥികൾ പഠിക്കുന്ന ചാലിശ്ശേരി ഗവ. എൽ.പി. സ്കൂളിൽ,സ്ഥലപരിമിതി പ്രശ്നമായിരുന്നു. ഇതു മറികടക്കാൻ പുതിയ കെട്ടിടം വേണമെന്നും ആവശ്യമുയർന്നു. പുതിയ കെട്ടിടത്തിനായി സർക്കാർ 1.20 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലമില്ലാത്തത് തിരിച്ചടിയായി. സർക്കാർ തുക പാഴാകുമെന്ന് വന്നതോടെയാണ് പൊതുജനപങ്കാളിത്തതോടെ വികസനസമിതി രൂപവത്കരിച്ച് സ്ഥലം കണ്ടെത്താൻ തീരുമാനിച്ചത്.സ്കൂളിനോടു ചേർന്നുള്ള 30 സെന്റ് സ്ഥലമാണ് കണ്ടെത്തിയത്. ഒരു സെൻറ് സ്ഥലത്തിന് 2.8 ലക്ഷം രൂപയാണ് വില. 


പിരിച്ചെടുത്ത തുക പഞ്ചായത്ത് പ്രസിഡന്റ് എ.വി. സ്കൂൾ വികസനസമിതി ചെയർമാൻ പി.ആർ. കുഞ്ഞുണ്ണി, ഖജാൻജി എം.എം. അഹമ്മദുണ്ണി എന്നിവർ ചേർന്ന് ഉടമയ്ക്ക് കൈമാറി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി. സിദ്ധീഖ്, തൃത്താല ബി.പി.സി. കെ. പ്രസാദ് എന്നിവരും സംബന്ധിച്ചു. കെട്ടിടനിർമാണം ഉടനെ പൂർത്തിയാക്കുമെന്ന് പ്രധാനാധ്യാപകൻ എ. ബാലകൃഷ്ണൻ, പി.ടി.എ. പ്രസിഡൻറ് വിനു എന്നിവർ പറഞ്ഞു.