09 May 2024 Thursday

ലോറികളില്‍ നിന്ന് ബാറ്ററി മോഷണം പ്രതികള്‍ ചാലിശ്ശേരി പോലീസിന്റെ പിടിയില്‍

ckmnews


ചാലിശ്ശേരി:ലോറികളില്‍ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന അന്തർസംസ്ഥാന ബാറ്ററി മോഷ്ടാക്കൾ ചാലിശ്ശേരി പോലീസിന്റെ പിടിയിലായി.കറുകപുത്തൂര്‍ സ്വദേശികളായ ചങ്ങനാശ്ശേരി വീട്ടിൽ നൗഷാദ്, പുത്തൻ പീടികക്കൽ വീട്ടിൽ ഷക്കീർ എന്നിവരെയാണ് കറുകപുത്തൂരിൽ നിന്നും ചാലിശ്ശേരി  പോലീസ് പിടികൂടിയത്. തൃശൂർ, പാലക്കാട്, മലപ്പുറം എന്നിങ്ങന്നെ വിവിധ ജില്ലകളിൽ നിന്നായി നിർത്തിയിട്ട ലോറികളിൽ നിന്നും മറ്റുമായി നിരവധി ബാറ്ററികളാണ് പ്രതികൾ കവർന്നത്.


ലോറി ഡ്രൈവർമാരായ പ്രതികൾ ജോലിയില്ലാത്ത സമയങ്ങളിലാണ് ബാറ്ററി മോഷണത്തിനറങ്ങുന്നത്. ഇത്തരത്തിൽ പ്രതികള്‍ നൂറോളം ടോറസ് ലോറികളുടെ ബാറ്ററികള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.


തൃത്താല, ചാലിശ്ശേരി, പട്ടാമ്പി, എരുമപ്പെട്ടി, ചെറുതുരുത്തി ഭാഗങ്ങളിൽ നിന്നുമാണ് പ്രതികൾ പ്രധാനമായും മോഷണം നടത്തിയിട്ടുള്ളത്. പകൽ കറങ്ങി നടന്ന് കണ്ടെത്തുന്ന ടോറസ് ലോറികളിൽ നിന്നും രാത്രി കാലത്തെത്തി ബാറ്ററികൾ അഴിച്ചെടുത്ത് വിൽപ്പന നടത്തുന്നതാണ് പ്രതികളുടെ രീതി.


ചാലിശ്ശേരി ഇൻസ്പെക്ടർ ഓഫ് പോലീസ് ഓഫീസർ സതീഷ് കുമാർ , മറ്റു പോലീസ് ഉദ്യോഗസ്ഥരായ ജോളി സബാസ്റ്റ്യൻ, റഷീദ് അലി , അബ്ദുൽ റഷീദ്, ഋഷി പ്രസാദ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റില്‍ വിട്ടു.