26 April 2024 Friday

ചാലിശ്ശേരി ഫുട്ബോൾ ടൂർണ്ണമെൻറ് :ഐ എം വിജയൻ ബൂട്ടണിയും

ckmnews


ചാലിശ്ശേരി: ചാലിശ്ശേരി സോക്കർ അസോസിയേഷൻ നടത്തുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  ദേശീയതാരങ്ങൾ അണിനിരക്കുന്ന വെറ്ററൻസ് മത്സരം നടക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല.


ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനും കേരള പോലീസ് ഫുട്ബോൾ ടീം പരിശീലകനുമായ ഐ.എം. വിജയൻ, മികച്ചതാരങ്ങളായ ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, എം. സുരേഷ്, എൻ.പി. പ്രദീപ് എന്നിവരും സന്തോഷ് ട്രോഫി, ഐ.എസ്.എൽ. താരങ്ങളും കളത്തിലിറങ്ങും. സെവൻസ് ഫുട്ബോൾ ടീമുകളിൽ മുതിർന്ന താരങ്ങളും ഇരുചേരികളിലായി മൈതനാത്ത് ഇറങ്ങും. നീണ്ട ഇടവേളയ്ക്കുശേഷമാണ് ദേശീയതാരങ്ങൾ നിറയുന്ന മത്സരം കാണാൻ ചാലിശ്ശേരിക്കാർക്ക് അവസരമൊരുങ്ങുന്നത്.


ഇസ്സ ഗ്രൂപ്പ് അൽമദീന ചെർപ്പുളശ്ശേരിയുടെയും യൂണിറ്റി സോക്കർ തൊടുപുഴയുടെയും ജഴ്സിയണിഞ്ഞ് കളംനിറയുന്ന ഇഷ്ടതാരങ്ങളെ കാണാൻ ആയിരങ്ങൾ ചാലിശ്ശേരിയിലെത്തുമെന്നാണ് സംഘാടകർ പറയുന്നത്.പരിപാടിയുടെ ഭാഗമായി കഴിഞ്ഞദിവസം മൈതാനത്തുനടന്ന ചടങ്ങിൽ സിനിമാ കലാസംവിധായകൻ ആർട്ടിസ്റ്റ് അജയൻ ചാലിശ്ശേരിയെ, ചെയർമാൻ വി.വി. ബാലകൃഷ്ണൻ പൊന്നാടയും കൺവീനർ എം.എം. അഹമ്മദുണ്ണി ഉപഹാരവും നൽകി ആദരിച്ചു. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹ്റ, ജില്ലാപഞ്ചായത്തംഗം അനു വിനോദ്, ജോയൻ‌റ് കൺവീനർ ടി.കെ. സുനിൽ സുനിൽകുമാർ, ട്രഷറർ സജീഷ് കളത്തിൽ, ടി.എ. രണദിവെ എന്നിവർ പങ്കെടുത്തു.