26 April 2024 Friday

ഭക്തിസാന്ദ്രമായി ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ

ckmnews

ഭക്തിസാന്ദ്രമായി ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പ് പെരുന്നാൾ 


ചങ്ങരംകുളം: ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ദൈവമാതാവിന്റെ  വ്രതശുദ്ധിയുടെ എട്ടുനോമ്പ് പെരുന്നാൾ  

ഭക്തി സാന്ദ്രമായി.റാസയിലും  സൂനോറോ വണക്കത്തിലും പങ്കെടുത്ത വിശ്വാസികൾക്ക് അനുഗ്രഹത്തിന്റെ ആത്മനിവൃത്തി.പെരുന്നാൾ തലേന്ന് ബുധനാഴ്ച  വൈകീട്ട് സുറിയാനി ചാപ്പലിലെ  സന്ധ്യ നമസ്ക്കാരത്തിന് ഏലിയാസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായി ഭദ്രാസനത്തിലെ നിരവധി വൈദീകർ സഹകാർമ്മികരായി.തുടർന്ന് അങ്ങാടി ചുറ്റിയുള്ള പ്രസിദ്ധമായ എട്ടുനോമ്പ് റാസ തുടങ്ങി

പൊൻ - വെള്ളി കുരിശുകൾ ,മുത്തുക്കുടകൾ , കത്തിച്ച മെഴുകുതിരികളുമായി മാതാവിനോടുള്ള അപേക്ഷകൾ ചൊല്ലി  നിരവധി വിശ്വാസികൾ റാസയിൽ പങ്കെടുത്തു. 

അംശവസ്ത്രം അണിഞ്ഞ വൈദീകരായ ഫാ. ജയേഷ് ജെക്കബ് , ഫാ. ബിൻസൻ ബാബു മന്നാലക്കുടി , ഫാ. ജിബിൻ ചാക്കോ എന്നിവർ  വിശ്വാസികളെ ആശീർവാദിച്ചു. റാസ കടന്ന് പോകുന്ന വഴികളിലെ കുരിശു തൊട്ടികളിൽ ധൂപാ പ്രാർത്ഥന നടത്തി അലങ്കരിച്ച രഥങ്ങൾ റാസക്ക് അഴകായി.

 വിവിധ മതസ്ഥർ ചിരാതുകൾ കത്തിച്ച് റാസയെ എതിരേറ്റു.റാസ പള്ളിയിൽ  എത്തിയപ്പോൾ മെത്രാപ്പോലീത്ത ആശീർവാദം നടത്തി.എം.പി. പി.എം. യൂത്ത് അസോസിയേഷൻ പുറത്തിറക്കുന്ന 2023  കലണ്ടറിന്റെ  പ്രകാശനവും നടത്തി.പ്രത്യേക പ്രാർത്ഥനക്കു ശേഷം  വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന ദൈവമാതാവിന്റെ അംശവസ്ത്രം വിശുദ്ധ സൂനോറോ  വണക്കവും ഉണ്ടായി . സൂനോറോ വണക്കത്തിന് ഭക്തജനങ്ങളുടെ വൻ  തിരക്കായിരുന്നു. തുടർന്ന് അട പ്രഥമൻ പായസത്തോടു കൂടിയ  വിഭവ സമൃദ്ധമായ ഓണസദ്യയിലും നിരവധി പേർ പങ്കാളികളായി.പെരുന്നാൾ ദിവസം വ്യാഴാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനക്കും മദ്ധ്യസ്ഥ പ്രാർത്ഥനക്കും വന്ദ്യ ബന്യാമിൻ മുളരിക്കൽ റമ്പാൻ മുഖ്യ കാർമ്മികനായി.ഫാ.ബിൻസൻ ബാബു മന്നാലക്കുടി , വികാരി ഫാ റെജി കൂഴിക്കാട്ടിൽ സഹകാർമ്മികനായി.റമ്പാൻ  പെരുന്നാൾ സന്ദേശവും നൽകി. എട്ടുനോമ്പ് പെരുന്നാൾ ചരിത്രത്തിലാദ്യമായി  പൊൻ - വെള്ളി കുരിശുകളുമായി പ്രദക്ഷിണം യെൽദോ മോർ ബസേലിയോസ് ചാപ്പലിൽപോയി ഹെബ്രോൺ സ്ട്രീറ്റ് വഴി ചാപ്പലിൽ എത്തി. തുടർന്ന് ആശീർവാദവും , സൂനോറോ വണക്കവും നടന്നു. നേർച്ചസദ്യയോടെ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.റെജികൂഴിക്കാട്ടിൽ  ,  ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഭക്തസംഘടനകളും നേതൃത്വം നൽകി.