26 April 2024 Friday

ഗ്രാമത്തിനും പുതുതലമുറക്കും അറിവിൻ്റെ ലോകം തുറന്ന് നാരായണൻ നമ്പൂതിരിയുടെ ഹരിതതോട്ടം

ckmnews


ചാലിശ്ശേരി ഗ്രാമത്തിൽ പൊതുരംഗത്ത് സജീവമായിരുന്ന നാരയണൻ നമ്പൂതിരി എന്ന കർഷകൻ കൃഷിയിടത്തിൽ  കഠിനാധ്വാനം ചെയ്ത് നേടിയത് കാർഷികരംഗത്തെ വിപ്ളവകരമായ നേട്ടങ്ങളാണ്

ഒന്നര പതിറ്റാണ്ടായി മനുഷ്യരെപ്പൊലെ തന്നെ മണ്ണിനേയും ,ഔഷധ സസ്യങ്ങളെയും സ്നേഹിക്കുന്ന ചാലിശ്ശേരി

 മുതുപറമ്പത്ത് നാരായണൻ നമ്പൂതിരിയുടെ ഹരിതതോട്ടം ഗ്രാമത്തിനും പുതുതലമുറക്കും ഇപ്പോൾ അറിവിൻ്റെ പറുദീസയാണ്.

1991 ൽ പിതാവിൻ്റെ മരണശേഷമാണ് നാരായണൻ കൃഷിയിൽ സജീവമായത്. 

ആധുനിക സമൂഹം വിലകൂടിയ വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കുവാൻ മൽസരിക്കുമ്പോൾ നാരായണൻ നമ്പൂതിരി പലയിടങ്ങളിൽ സഞ്ചരിച്ച് വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങൾ ഉൾപ്പെടെ അപൂർവ്വങ്ങളായ ഔഷധചെടികൾ തേടി അലയുകയായിരുന്നു

അപൂർവ്വ ഔഷധ ചെടികൾ എവിടെ ഉണ്ടെങ്കിലും തേടിയെത്തി സ്വന്തമാക്കി നട്ടുവളർത്തുന്നത്  പുരാതന കർഷക കുടുംബാംഗമായ നാരായണൻ നമ്പൂതിരിയുടെ ജീവിതചര്യയാണ്

വർഷങ്ങളുടെ പരിശ്രമം കൊണ്ട് ഗ്രാമത്തിൻ്റെ ഉൾ തുടിപ്പുകളെ അറിയുന്ന കർഷകനായി മാറുകയായിരുന്നു നാരായണൻ 

വീടിനോട് ചേർന്നുള്ള മൂന്നേക്കർ സ്ഥലത്തെ തോട്ടത്തിലാണ് ഈ കർഷകൻ ഔഷധസസ്യങ്ങളുടെ വൻശേഖരം സൂക്ഷ്മതയോടെ പരിപാലിക്കുന്നത്.

 ഫലവൃക്ഷങ്ങൾ ,അലങ്കാര ചെടികൾ , പച്ചക്കറികൾ എന്നിവയുള്ള നാരായണന്റെ  ഔഷധോധ്യാനം വേറിട്ട കാഴ്ചയാണ്.

 അത്യപൂർവ്വങ്ങളായ   നക്ഷത്ര വൃക്ഷങ്ങൾ , പുരാണ പ്രസിദ്ധമായ ശിൻശിബ  ,പുത്രൻ ജീവ ,  ആരോഗ്യ പച്ച , രുദ്രാക്ഷം ,ചുകന്ന കറ്റാർവാഴ , അഗ്നി മന്ദാരം  ,പ്രമേഹരോഗികൾക്കുള്ള മംഗോട്ടദേവ ,മുള്ളൻചിറ്റാമൃത് എന്നിവയും 

 വിവിധങ്ങളായ ഫലവൃഷങ്ങളും നാരായണന്റെ ശേഖരത്തിലുണ്ട്.

രാജകൊട്ടാരവളപ്പിൽ മാത്രം കൃഷി ചെയ്യുവാൻ അനുമതി ഉണ്ടായിരുന്ന ഫലവൃക്ഷമായ കെപ്പൽ നാരായണന്റെ തോട്ടത്തിലെ അപൂർവ്വ കാഴ്ചയാണ്

 ഇതിൻ്റെ ഒരു പഴം കഴിച്ചാൽ രണ്ട് മണിക്കൂർ നേരം സുഗന്ധം നിലനിൽക്കുമെന്ന് നാരായണൻ പറയുന്നു.

ഒരു പഴം കഴിച്ചാൽ  ഏകദേശം രണ്ട് മണിക്കൂർ നേരം  പുളിയുള്ള എന്ത് കഴിച്ചാലും   മധുരം അനുഭവപ്പെടുന്ന മിറാക്കിൾ ഫ്രൂട്ട് തോട്ടത്തിൽ നിറഞ്ഞ് നിൽക്കുന്നു.

സ്വദേശിയും വിദേശിയുമായ    റംബൂട്ടാൻ ,മംഗോയിസ്റ്റ് , മുപ്പതിൽപരം മാവുകൾ , പത്തിൽ തരം പ്ലാവുകൾ 

 ചാമ്പക്ക , പേര ,പ്ലാവ് , ചെറി പഴങ്ങൾ ,സപ്പോട്ട ,നാരകം  എന്നിവ  തോട്ടത്തിലുണ്ട് ഇവയിൽ പലതും കായ്ച്ച് തുടങ്ങിയിട്ടുണ്ട്.

 അലങ്കാര ചെടികളായ ബോഗൺവില്ല ,അഗോളണിമ ,ക ലാത്തിയ ,സ്നക്ക് പ്ലാറ്റ് , അരേലിയ , യുജേനിയ ,ലെയൺസ് കിപ്പ് കൂടാതെ  കവുങ്ങ് ,തെങ്ങ്  എന്നിവയും തോട്ടത്തിൽ സുലഭമാണ്

കോവിഡ് കാലത്താണ്  ഫലവൃക്ഷങ്ങൾ ,അലങ്കാര ചെടികൾ കൂടുതലായി വിൽപന അടിസ്ഥാനത്തിൽ ഉൽപാദിപ്പിച്ചു തുടങ്ങിയത്.  പല ചെറുകിട നേഴ്സറിക്കാർ അലങ്കാര ചെടികൾ ഇവിടെ നിന്ന് കൊണ്ടു പോകുന്നുണ്ട്.

വിത്ത് മുളക്കുന്നതു മുതൽ ഇലകൾ  ,തണ്ടുകൾ ,വേരുകൾ എന്നിവയുടെ വളർച്ച സൂക്ഷമതയോടെയാണ് നാരായണൻ നമ്പൂതിരി നിരീക്ഷിക്കുന്നത്.

മുടി കൊഴിച്ചൽ , നര ,തലവേദന ,ഉറക്കം എന്നിവക്കായി തോട്ടത്തിലെ തന്നെ പച്ചമരുന്നുകൾ ചേർത്ത് നാരായൺ നമ്പൂതിരി സ്വന്തമായി  നിർമ്മിക്കുന്ന എണ്ണ ഗ്രാമത്തിലെ നിരവധി പേരാണ് ഉപയോഗിക്കുന്നത്.

 ജൈവ പച്ചക്കറി തോട്ടത്തിൽ നിന്നാണ് വീട്ടിലേക്കുള്ള പച്ചക്കറി മുഴുവനും  ഉൽപാദിപ്പിക്കുന്നത്.  നാരായണനൊപ്പം ഭാര്യ ശ്രീദേവിയും സഹായത്തിനുണ്ട്.

ഗ്രാമത്തെ അടയാളപ്പെടുത്തുന്ന ഔഷധ സസ്യങ്ങളെക്കുറിച്ച് അറിയുവാനും പഠിക്കാനുമായി ആയുർവ്വേദ മെഡിസിന് പഠിക്കുന്ന വിദ്യാർത്ഥികൾ തോട്ടത്തിലെത്തുന്നതും പതിവാണ്.  ഇദ്ദേഹത്തിൻ്റെ അനുഭവത്തിലൂന്നിയ വിവരം സന്ദർശകർക്ക് പുതിയൊരുനുഭവമാണ്.

കൃഷിക്ക് അപ്പുറം മുതുപറമ്പത്ത് നാരായണൻ നമ്പൂതിരി കേരളത്തിൽ അക്ഷരശ്ലോക സദസ്സുകളിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്.

ഗുരുവായൂർ ഏകാദശി , ഇരിഞ്ഞാലക്കുട ,കാറൽമണ്ണ ,ചേർപ്പ് , തിരുവള്ളക്കാവ് എന്നീ സ്ഥലങ്ങളിൽ നിന്നായി എട്ടോളം സ്വർണ്ണ മെഡൽ ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട്.

സാഹിത്യത്തെ  ഏറെ ഇഷ്ടപ്പെട്ടിരുന്ന  ഇദ്ദേഹം പിതാവിൽ നിന്നാണ് അക്ഷരശ്ലോകം പഠിച്ചത്.

ഇരുപത് വർഷം മുമ്പ് ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാക്കശ്ശേരി ഭട്ടതിരി സ്മാരക  അക്ഷരശ്ലോക സമിതിയുടെ മുഖ്യശിക്ഷകനും നാരായണൻ നമ്പൂതിരി ആയിരുന്നു.

നിരവധിപേരാണ് ഇദ്ദേഹത്തിൻ്റെ ശിഷ്യഗണത്തിൽ ഉള്ളത്. കോവിഡ് പ്രതിസന്ധിമൂലം ശനി ,ഞായർ ദിവസങ്ങളിൽ ഓൺലൈൻ വഴിയാണ് അക്ഷരശ്ശോകം പഠിപ്പിക്കുന്നത്.

മുതുപറമ്പത്ത്മന രാമൻ നമ്പൂതിരി - ഉമാദേവി അന്തർജ്ജനത്തിൻ്റെ മകനായ നാരായണൻ നമ്പൂതിരി പട്ടാമ്പി സംസ്കൃത കോളേജിൽ വിദ്യാർത്ഥി യൂണിയനിലൂടെ പൊതുരംഗത്തേക്ക് എത്തി. പുരോഗന ചിന്താഗതിയിലൂടെ വളർന്നു . ചാലിശ്ശേരി സഹകരണ സൊസൈറ്റിയുടെ പ്രസിഡൻ്റായി അഞ്ചു വർഷം പ്രവർത്തിച്ചു.

ആരോഗ്യം അനുവദിക്കുന്ന കാലം വരെ കഴിയുന്ന ,രീതിയിൽ മരങ്ങളും ,സസ്യങ്ങളും വളർത്തി പ്രകൃതിയെ സംരക്ഷിക്കണമെന്ന് കഴിഞ്ഞ പതിനഞ്ചു വർഷമായി  കൃഷിയിൽ സജീവമായ നാരായണൻ നമ്പൂതിരി പറഞ്ഞു.

റിപ്പോർട്ട്:ഗീവർ ചാലിശ്ശേരി