27 April 2024 Saturday

ആനക്കരയിൽ പള്ളി പറമ്പുകളിലും ഇനി പച്ചക്കറി വിളയും:പദ്ധതിക്ക് തുടക്കം കുറിച്ചു

ckmnews

ആനക്കരയിൽ പള്ളി പറമ്പുകളിലും ഇനി പച്ചക്കറി വിളയും:പദ്ധതിക്ക് തുടക്കം കുറിച്ചു


എടപ്പാൾ:ആനക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഇടപെടലിലൂടെ പഞ്ചായത്ത് പ്രദേശത്തെ പള്ളികളിലും ആദ്യമായ് പച്ചക്കറി കൃഷികൾക്ക് തുടക്കമാകുന്നു.കേരള സർക്കാർ ,കൃഷി വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി  പ്രദേശത്തെ പള്ളികളിലെ  തരിശ് ഭൂമികളിൽ നടത്തുന്ന പച്ചക്കറികൃഷികളുടെ ഉദ്ഘാടനം മഹല്ല് ഖത്തീബ് മുഹാജിർ അഹ്സ്നിയുടെ മഹനീയ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റൂബിയ റഹ്മാൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. മുഹമ്മദ് നിർവ്വഹിച്ചു.കൃഷി ഓഫിസർ എം പി സുരേന്ദ്രൻ പദ്ധതി വിശദീകരണം വ്യക്തമാക്കി.കുമ്പിടി ജുമാമസ്ജിദ്, തോട്ടഴിയം നിസ്ക്കാര പള്ളി, മേലഴിയം നിസ്ക്കാര പള്ളി തുടങ്ങിയ പള്ളികളിലാണ് അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഗിരീഷ്, സെന്തിൽകുമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ ആദ്യഘട്ടത്തിൽ കൃഷികൾക്ക് തുടക്കമായിരിക്കുന്നത്..മഹല്ലിലുൾപ്പെട്ട പ്രദേശത്തെ വിശ്വാസികളിലും, പൊതു സമൂഹത്തിലും.നല്ലകൃഷിയെ കുറിച്ചും, വിഷം തളിക്കാത്ത നല്ല പച്ചക്കറികൾ കഴിയാവുന്നിടത്തോളം സ്വയം കൃഷി ചെയ്തും,സുരക്ഷിത ജീവിതം പാലിക്കാമെന്ന ആശയം മാതൃകയായ് പകർത്തപ്പെടുന്നതിനായാണ് പള്ളികളിൽ പച്ചക്കറി കൃഷികൾക്ക് തുടക്കമാകുന്നത്.മൂന്ന് പള്ളികളിലും ഉല്പാദിപ്പിക്കപ്പെടുന്ന ജൈവ പച്ചക്കറികൾ ദർസിലെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണാവശ്യങ്ങൾക്ക് എടുക്കുന്നതോടൊപ്പം  എല്ലാ വെള്ളിയാഴ്ചകളിലും കുമ്പിടി ജുമാ മസ്ജിദിലെത്തുന്നവർക്ക് ലഭ്യതയനുസരിച്ച് വില്പനയും നടത്തുമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.ഉദ്ഘാടന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജു പി.സി, സവിത സി.പി, ബാലചന്ദ്രൻ പികെ, ദീപ, ജ്യോതി ലഷ്മി, സ്വാലിഹ് ടി, ഗിരിജ.അസിസ്റ്റൻ്റ് കൃഷി ഓഫിസർ ഷിനോജ്, പള്ളി കമ്മിറ്റി ഭാരവാഹികളായ ഒ എം അബൂബക്കർ, പി ഹംസ ഹാജി, ടി എം അബുബക്കർ, കെ.സി ബഷീർ.സൈനുദ്ദിൻ സി. ഇബ്രാഹിംകുട്ടി മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.