26 April 2024 Friday

ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; യുവാവിനു 5 വര്‍ഷം കഠിന തടവും.8000 രൂപ പിഴയും

ckmnews

കുന്നംകുളം: ബന്ധുവീട്ടിൽ വിരുന്നിന് വന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ യുവാവിനു അഞ്ച് വർഷം  കഠിന തടവും 8000 രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചു.

2018 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. ഒരു ദിവസം ബന്ധുവീട്ടിൽ വിരുന്നു വന്ന  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ  മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിലാണ് എനമാവ് കരുവന്തല പെരിങ്ങ വീട്ടിൽ മനോജിനെ(46)  കുന്നംകുളം   ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ്  റീന  എം ദാസ്  കുറ്റക്കാരാണെന്ന് കണ്ടത്തി ശിക്ഷിച്ചത്.  

ഈ കേസ്സിലെ പീഢനത്തിന് ഇരയായ ആൺകുട്ടി വിവരങ്ങൾ മാതാപിതാക്കളോട് പറഞ്ഞതിനെ തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിന് തുടർന്നാണ്  കേസ് രജിസ്റ്റർ ചെയ്തത്. 

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ)   അഡ്വ.കെഎസ്.ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും ഹാജരായി.  12 സാക്ഷികളെ വിസ്തരിക്കുകയും  19 രേഖകളും, തൊണ്ടിമുതലുകളും  ഹാജരാക്കി ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

 പാവറട്ടി പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ഇപ്പോൾ തൃശ്ശൂർ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ അനിൽകുമാർ ടി. മേപ്പിള്ളിയാണ്  കേസ് രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനും പ്രവർത്തിച്ചിരുന്നു.