26 April 2024 Friday

ജംഗ്ഷനുകൾ നവീകരിക്കാതെ സംസ്ഥാന പാതയുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു

ckmnews

ജംഗ്ഷനുകൾ നവീകരിക്കാതെ സംസ്ഥാന പാതയുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പ്രതിഷേധം ഉയരുന്നു


പെരുമ്പിലാവ്:ജംഗ്ഷനുകള്‍ നവീകരിക്കാതെ സംസ്ഥാന പാതയുടെ പണികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വ്യാപക പ്രതിഷേധം.കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രൊജക്ടിന്റെ (കെഎസ്ടിപി) നേതൃത്വത്തിലാണ് സംസ്ഥാന പാത വികസനം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി, കടവല്ലൂര്‍ പഞ്ചായത്തിലെ അക്കിക്കാവ്,പെരുമ്പിലാവ്, കല്ലുംപുറം ജംക്ഷനുകള്‍ വീതികൂട്ടി നവീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും അത് നടപ്പാക്കാതെ പാത വികസനം പൂര്‍ത്തിയാക്കാനാണ് ഒരുക്കമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.എ.സി.മൊയ്തീന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് കടവല്ലൂര്‍ പഞ്ചായത്തില്‍ നടത്തിയ യോഗത്തിലാണ് ജംഗ്ഷന്‍ നവീകരിക്കാനുള്ള തീരുമാനം ഉണ്ടായത്. പണി പൂര്‍ത്തീകരിക്കുതിന്റെ ഭാഗമായി കല്ലുംപുറത്തു നിന്നും ടാറിങ് തുടങ്ങിയതോടെയാണു എതിര്‍പ്പുകള്‍ ഉയര്‍ന്നത്.പഴയ ടാറിങ് അതേപടി നിലനിര്‍ത്തി മുകളില്‍ വീണ്ടും ടാറിങ് നടത്തുതിലും ആക്ഷേപമുണ്ട്. ജംഗ്ഷന്‍ വികസനം ഉടന്‍ ആരംഭിക്കുമെന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്. പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം മൂലമാണ് പണി തുടങ്ങാന്‍ വൈകുന്നത്.റവന്യു വിഭാഗത്തിനാണ് അതിന്റെ ഉത്തരവാദിത്തം. തൃശൂരില്‍ നിന്നാരംഭിച്ച ഭൂമിയേറ്റെടുക്കല്‍ പുഴക്കല്‍ വരെ പൂര്‍ത്തിയായിട്ടുണ്ട്. തുടര്‍ന്നുള്ള സര്‍വേ കല്ലുംപുറത്തു നിന്നും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍വേ വിഭാഗത്തിനു കത്തു നല്‍കിയിട്ടുണ്ടെന്ന് കെഎസ്ടിപി അസി.എന്‍ജിനീയര്‍ പറഞ്ഞു. വിശദമായ പഠനം നടത്തിയ ശേഷം ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോഴത്തെ പണികള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.