26 April 2024 Friday

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം : പരസ്യ കമ്ബനിക്കും ചലച്ചിത്ര താരത്തിനുമെതിരെ കേസ്

ckmnews

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയത് വിവാദമായതോടെ സ്വകാര്യ കമ്ബനി, പരസ്യ കമ്ബനി, അഭിനയിച്ച ചലച്ചിത്ര താരം എന്നിവര്‍ക്കെതിരെ പരാതിയുമായി ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ടെമ്ബിള്‍ പൊലീസില്‍ ആണ് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പരാതി നല്‍കിയത്. ക്ഷേത്രം അണുവിമുക്തമാക്കാന്‍ നല്‍കിയ അനുവാദം ദുരുപയോഗം ചെയ്തുവെന്നാണ് ആക്ഷേപം.

ഒരു വര്‍ഷത്തേയ്ക്ക് ഗുരുവായൂര്‍ ക്ഷേത്ര പരിസരം അണുവിമുക്തമാക്കുമെന്നതാണ് സ്വകാര്യ കമ്ബനിയുടെ പരസ്യം. സിനിമാതാരത്തെ ഉള്‍പ്പെടുത്തി ക്ഷേത്ര പരിസരത്താണ് പരസ്യം ചിത്രീകരിച്ചത്. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നത് സ്വകാര്യ കമ്ബനിയാണെന്നാണ് പരസ്യത്തില്‍ പറയുന്നത്.

പരസ്യം ചലച്ചിത്ര താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെയാണ് വിവാദമായത്. ക്ഷേത്രവും പരിസരവും സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ ലംഘനമാണ് ഇതെന്ന് ആരോപിച്ച്‌ ബിജെപി രംഗത്തെത്തി.