08 May 2024 Wednesday

പുളിക്കകടവ് തൂക്കുപാലം അധികൃതരുടെ അനാസ്ഥ:മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

ckmnews

പുളിക്കകടവ് തൂക്കുപാലം അധികൃതരുടെ അനാസ്ഥ:മുസ്‌ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്


മാറഞ്ചേരി:അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് നടത്തി പുളിക്കകടവ് തൂക്കുപാലം യാത്ര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങുകയാണെന്ന്  പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രണ്ടര കോടിയിലധികം രൂപ മുടക്കി നിർമ്മിച്ച തൂക്കുപാലം നിർമ്മാണത്തിലെ അപാകതയും  അധികൃതരുടെ അനാസ്ഥയും മൂലം  വർഷങ്ങൾക്കുള്ളിൽ തന്നെ കേടുപാടുകൾ സംഭവിച്ച നിലയിലാണ്.പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന കാര്യത്തിൽ ഡിടിപിസിയും പൊന്നാനി മുനിസിപ്പാലിറ്റിയും  പരസ്പരം പഴിചാരി ചുമതലയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.മാറഞ്ചേരി പഞ്ചായത്തിലെ പുളിക്കകടവ് കാഞ്ഞിരമുക്ക് പ്രദേശങ്ങളിലെ ആളുകൾ ദൈനം ദിനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തൂക്കുപാലം പൊന്നാനി മുനിസിപ്പാലിറ്റി യിലേക്കുള്ള ഏറ്റവും എളുപ്പമായ യാത്രമാർഗ്ഗം കൂടിയാണ്.നൂറുകണക്കിന് വിദ്യാർത്ഥികൾ  തങ്ങളുടെ വിദ്യാലയങ്ങളിലേക്ക് പോകുന്നതും ഈ പാലത്തിലൂടെയാണ്.പാലത്തിന്റെ ശോചനീയാവസ്ഥ കാരണം ഇവരുടെ യാത്രയും ദുരിതത്തിലാണെന്നും സ്ഥലം എംഎൽഎയുടെയും  ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും  പൊന്നാനി മുനിസിപ്പാലിറ്റിയുടെയും മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും നിഷ്ക്രിയത്വത്തിന്റെ ഫലമായി തകരാൻ തുടങ്ങിയ പാലത്തിലൂടെയാണ് പല വിദ്യാർത്ഥികളും ഇപ്പോഴും  അപകടകരമായി യാത്ര ചെയ്യുന്നതെന്നും ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി. ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും  തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് നടത്തി ജനങ്ങളുടെ യാത്രാദുരിതത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭ സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഓഗസ്റ്റ് പതിനാലാം തീയതി തിങ്കളാഴ്ച വൈകിട്ട് 3:00 മണിക്ക് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൂക്കുപാലം പരിസരത്ത് വച്ച് ജനകീയ സമര സംഗമം നടത്തുമെന്നും നേതാക്കൾ പറഞ്ഞു.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കുറുക്കോളി മൊയ്തീൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്യും.പരിപാടിയിൽ ജില്ലാ നിയോജകമണ്ഡലം നേതാക്കൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.വന്നേരിനാട് പ്രസ്സ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ മാറഞ്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി. പി. ഉമ്മർ, ജനറൽ സെക്രട്ടറി അബ്ദുൽഗനി , മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ. സി. ശിഹാബ്, നാലകത്ത് റസാഖ് , സലാം ചങ്ങമ്പള്ളി എന്നിവർ പങ്കെടുത്തു.