03 May 2024 Friday

ദേശീയപാത നിർമ്മാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ; 5 വീടുകള്‍ അപകടാവസ്ഥയിൽ

ckmnews

ദേശീയപാത നിർമ്മാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ; 5 വീടുകള്‍ അപകടാവസ്ഥയിൽ


ദേശീയപാത നിർമ്മാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ രൂപപ്പെട്ടു. അഞ്ചു വീടുകളാണ് അപകടാവസ്ഥയിൽ ആയത്. വീടും സ്ഥലവും ദേശീയാ പാത അതോറിറ്റി ഏറ്റെടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 


കുറ്റിപ്പുറം ബംഗ്ലാംകുന്ന് പ്രദേശത്തെ ഏഴോളം വീടുകൾക്കാണ് വിള്ളൽ സംഭവിച്ചത്.ഇതിൽ 2 വീടുകൾ പൂർണമായും താമസയോഗ്യമല്ലാത്ത രീതിയിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.പ്രദേശത്ത് മീറ്ററുകളോളം താഴ്ചയിൽ പുതിയ റോഡ് നിർമ്മാണം നടക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാൻ കോൺക്രീറ്റ് ബിറ്റ് കുന്നിൻറെ ഉൾഭാഗത്തേക്ക് അടിച്ചു കയറ്റിയതോടെയാണ് മുകളിലത്തെ വീടുകൾക്ക് വലിയ തോതിലുള്ള വിള്ളലുകൾ സംഭവിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓരോ മണിക്കൂറിലും വിള്ളലിന്റെ വ്യാപ്തി വർദ്ധിച്ചു വരുന്നതിനാൽ അടിയന്തിരമായി നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് വീടിൻറെ ചില ഭാഗങ്ങളിൽ ആദ്യമായി വിള്ളലുകൾ കാണപ്പെടുന്നത്. ഇതോടെ കുടുംബങ്ങൾ അധികൃതർക്ക് പരാതി നൽകിയിരുന്നു പരാതിയുടെ അടിസ്ഥാനത്തിൽ 15 ദിവസത്തിനുള്ളിൽ വേണ്ട നടപടികൾ സ്വീകരിക്കാം എന്നും കളക്ടർ മറുപടി നൽകി. ഇതിനിടയിലാണ് വീടിന്റെ വിള്ളൽ കൂടുതലായി വന്നത്. പരാതിയെ തുടർന്ന് കെ എൻ ആർ സി യുടെ ടെക്‌നിക്കൽ ടീം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. താമസസയോഗ്യമല്ലാത്ത വീടുകളിൽ നിന്ന് അടിയന്തിരമായി മാറിതാമസിക്കാൻ കുടുംബങ്ങളോട് കമ്പനി അധികൃതർ നിർദേശം നൽകി.അതെ സമയം നേരത്തെ വിള്ളൽ കണ്ട വീടുകളിൽ തന്നെ മറ്റു ഭാഗങ്ങളിലും വിള്ളൽ വരുന്നതായി നാട്ടുകാർ പറയുന്നു.പ്രദേശത്തെ കിണറും ഭൂമിയും ഉൾപ്പെടെ വിണ്ടു കീറിയ അവസ്ഥയിലാണ്.