29 March 2024 Friday

പൊന്നാനിയിൽ സൗജന്യമായി വീടും സ്ഥലവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി:രണ്ടുപേർ പിടിയിൽ

ckmnews



പൊന്നാനി : വീടും സ്ഥലവും സക്കാത്തായി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേർ അറസ്റ്റിൽ. പൊന്നാനി ഈശ്വരമംഗലം സ്വദേശി വലിയകത്ത് അബ്ദുൾ സലീം (42), പൊന്നാനി ചാണാ റോഡ് അണ്ടിപ്പാട്ടിൽ സക്കീന (46) എന്നിവരെയാണ് പൊന്നാനി എസ്ഐ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്.


സലീമിന് അടുത്ത ബന്ധമുള്ള ചില സമ്പന്നർ 4 സെന്റ് സ്ഥലവും വീടും സക്കാത്തായി നൽകുന്നുണ്ടെന്നും ഇതുവഴി വീടും സ്ഥലവും ലഭ്യമാക്കാമെന്നും പറഞ്ഞാണ് സക്കീനയും സലീമും പണം വാങ്ങിയത്. ഭൂമിയുടെ റജിസ്ട്രേഷൻ ചെലവിലേക്കെന്നു പറഞ്ഞ് 7500 രൂപ വീതമാണ് പലരിൽ നിന്ന് തട്ടിയെടുത്തത്. പത്തുവർഷം മുൻപ് സക്കീനയ്ക്ക് സക്കത്തായി വീട് ലഭിച്ചിരുന്നു.


ഇതു കാണിച്ചാണ് ഇവർ പലരെയും സ്വാധീനിച്ചതെന്ന് പൊലീസ് പറഞ്ഞു. നെയ്തല്ലൂരിൽ സലീമും സക്കീനയും അടുത്തടുത്ത വീടുകളിൽ താമസിച്ചപ്പോഴുണ്ടായ ബന്ധമാണ് ഇൗ തട്ടിപ്പിലേക്ക് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. തനിക്കു കിട്ടിയ പണമെല്ലാം സലീമിന് നൽകിയെന്ന് സക്കീന മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.