26 April 2024 Friday

ഹോട്ട്സ്പോട്ട്; തൃശൂർ-മലപ്പുറം ജില്ലാ അതിർത്തിയിൽ പരിശോധനകൾ കർശനമാക്കി

ckmnews

തൃശ്ശൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ-മലപ്പുറം ജില്ലാ അതിർത്തിയിൽ പരിശോധനകൾ കർശനമാക്കി. അതിർത്തിയിലെ ഇട റോഡുകൾ എല്ലാം  പോലീസ് അടച്ചിരിക്കുകയാണ്. തങ്ങൾപ്പടി വഴി മാത്രമാണ് ഇപ്പോൾ തുറന്നിട്ടുള്ളത്. ജില്ലാ അതിർത്തിയിൽ നിന്നും തൊട്ടടുത്താണ് ഹോട്ട് സ്പോട്ടായ മാറഞ്ചേരി. അതിനാൽ കർശന പരിശോധനയാണ് തങ്ങൾ പടിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.അവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്.ആരോഗ്യ വകുപ്പിന്റെയും പോലീസും പരിശോധനക്കായി രംഗത്തുണ്ട്. യാത്രാ ഉദ്ദേശ്യവും മറ്റ് വിവരങ്ങളും പോലീസ് ശേഖരിക്കുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ രോഗ പരിശോധനയും നടത്തും. 24 മണിക്കൂറും ഉദ്യോഗസ്ഥർ പരിശോധനക്ക് ഉണ്ടാകും.


അത്യാവശ്യ കാര്യങ്ങൾക്കുള്ള യാത്രക്കാരെ മാത്രമേ കടത്തി വിടുകയുള്ളൂ. 24 മണിക്കൂർ തുടർച്ചയായ വാഹന പരിശോധനയാണ് പോലീസും ആരോഗ്യ വകുപ്പും നടത്തുന്നത്.വാഹനയാത്രക്കാരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തെർമൽ സ്കാനിംഗിന് വിധേയമാക്കിയ ശേഷമാണ് കടത്തിവിടുന്നത്.


അനാവശ്യമായി ജില്ലയിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെ പോലീസ് കർശന നിയമ നടപടിയാണ് സ്വീകരിക്കുന്നത്.തൃശൂർ ജില്ലയുടെ മറ്റ് അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും കർശനമാക്കിയിട്ടുണ്ട്.