26 April 2024 Friday

പൊന്നാനിയിൽ കനത്ത പോരാട്ടം ഇടത് കോട്ട തകരുമോ അടിയൊഴുക്ക് ഭയന്ന് സിപിഎം

ckmnews

പൊന്നാനിയിൽ കനത്ത പോരാട്ടം


ഇടത് കോട്ട തകരുമോ അടിയൊഴുക്ക് ഭയന്ന് സിപിഎം


പൊന്നാനി:തുടർച്ചയായി ഇടത് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിക്കുന്ന പൊന്നാനി മണ്ഡലത്തിൽ ഇത്തവണ കനത്ത മത്സരമാണ് നടക്കുന്നത്.പഴയതുപോലെ കാര്യങ്ങൾ എളുപ്പമല്ല ഇടതുപക്ഷത്തിന്.അടിയൊഴുക്കുകളെ ഭയക്കുകയാണ് സിപിഎം.നിലവിലെ ജനപ്രതിനിധി പി ശ്രീരാമകൃഷ്ണനെതിരെ ഉയർന്ന ആരോപണങ്ങൾ,പാർട്ടിക്കുള്ളിൽ തന്നെ അദ്ധേഹത്തിനെതിരെയുള്ള എതിർപ്പ്, ജില്ലാ കമ്മറ്റിയംഗം ടി എം സിദ്ധീഖിനെ മുൻ നിർത്തി രൂപപ്പെട്ട വിഭാഗീയത ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിട്ടാണ് ഇടതുപക്ഷം പോരിനിറങ്ങുന്നത്.സി ഐ ടി യു നേതാവ് നന്ദകുമാറാണ് ഇടത് സ്ഥാനാർത്ഥി.ടി എം സിദ്ധിഖിനെ തഴയാൻ ബോധപൂർവ്വം കൊണ്ടുവന്നതാണ് നന്ദകുമാറിനെയെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം സി പി എം പ്രവർത്തകരുണ്ട്.വിഭാഗീയത പരിഹരിച്ചെന്ന് നേതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും തിരപ്രദേശത്തെ അണികൾക്കിടയിൽ ടി എം സിദ്ധീഖിനെ തഴഞ്ഞതിൽ എതിർപ്പ് ഇപ്പോഴുമുണ്ട്.


സാധാരണക്കാർക്കും പൊതുജനങ്ങൾക്കും അപരിചിതനായ നന്ദകുമാറിനെ വോട്ടർമാർക്കിടയിൽ  പരിചയപ്പെടുത്തുന്നതാണ് സി പി എമ്മിൻ്റെ വെല്ലുവിളി. വലിയൊരളവിൽ ഇതിനെ മറികടക്കാൻ കഴിഞ്ഞിട്ടുമുണ്ട്.പാലൊളിയുടെ ക്ലീൻ ഇമേജിൻ്റെ തുടർച്ചയായി വന്ന ശ്രീരാമകൃഷ്ണൻ എന്ന പുതുമുഖത്തെ രണ്ട് തവണ പൊന്നാനിക്കാർ ജയിപ്പിച്ചിരുന്നു.എന്നാൽ ശ്രീരാമകൃഷ്ണൻ്റെ നഷ്ടപ്പെട്ട ക്ലീൻ ഇമേജിലാണ് പുതുമുഖമായ നന്ദകുമാർ സ്ഥാനാർത്ഥിയായത്.അതുകൊണ്ടുതന്നെ മുൻ തവണത്തേതുപോലെ ഈസിയായി ജയിക്കാൻ ഇടതുപക്ഷത്തിനാവില്ല.


യു ഡി എഫ് സ്ഥാനാർത്ഥി രോഹിത് പ്രചരണരംഗത്ത് ഏറെ മുന്നിലാണെങ്കിലും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഇനിയും സജീവമായി പ്രചരണത്തിനിറങ്ങിയിട്ടില്ല.സിദ്ധീഖ് പന്താവൂരിനെ തഴഞ്ഞതിൽ കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നിരുന്നു.ഇതുവരെയുള്ള പ്രചരണങ്ങളിലൊന്നും സിദ്ധീഖ് പന്താവൂരോ അനുയായികളോ കാര്യമായി പങ്കെടുത്തിട്ടുമില്ല.ലീഗിലെ ഒരു വിഭാഗവും സംഘടനാ തർക്കങ്ങളിൽ പെട്ട് പ്രചരണങ്ങളിൽ സജീവമല്ല.ഇതിനെയെല്ലം മറികടന്നുവേണം യുഡിഎഫിന് മണ്ഡലം പിടിച്ചെടുക്കാൻ.


കാര്യമായി വോട്ടു ബാങ്കുള്ള ബി ജെ പി ഇത്തവണ പൊന്നാനിയിൽ മൽസരിക്കുന്നില്ല. പകരം മണ്ഡലത്തിൽ ഒരു പ്രവർത്തകൻ പോലുമില്ലാത്ത ബി ഡി ജെ എസിനാണ് മണ്ഡലം മൽസരിക്കാൻ നൽകിയിട്ടുള്ളത്.ബിഡി ജെ എസ് മലപ്പുറം ജില്ലാ നേതാവായ സുബ്രഹ്മണ്യനാണ് സ്ഥാനാർത്ഥി.ബിജെപിക്കാർ പ്രചരണത്തിന് പേരിനുപോലും ഇറങ്ങിയിട്ടുമില്ല.ഈ സാഹചര്യത്തിൽ ബി ജെ പി വോട്ടുകൾ ആർക്ക് കിട്ടുമോ അവർ മണ്ഡലം പിടിച്ചെടുക്കും.


മണ്ഡലത്തിൽ നേരിയ  സ്വാധീനമുള്ള എസ് ഡി പി ഐ സ്ഥാനാർത്ഥി അൻവർ പഴഞ്ഞി പ്രചരണ രംഗത്ത് സജീവമാണ്.വെൽഫെയർ സ്ഥാനാർത്ഥിയായ ഗണേശനും പ്രചരണത്തിൽ പിന്നിലല്ല. ഈ രണ്ട് സ്ഥാനാർത്ഥികളും ന്യൂനപക്ഷ വോട്ടുകൾ പിടിക്കുന്നത് യു ഡി എഫിന് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ..ഇവിടെയാണ് ബിജെപി ,ഹിന്ദു വോട്ടുകൾ ജയസാധ്യതയെ നിർണയിക്കുക.യുവരക്തമായ കോൺഗ്രസ് സ്ഥാനാർത്ഥി രോഹിതിന് വേണ്ടി ഭൂരിപക്ഷ സമുദായ വോട്ടുകളും യുഡിഎഫ്, നിഷ്പക്ഷ വോട്ടുകളും  കേന്ദ്രീകരിച്ചാൽ കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമായി.പൊന്നാനി വലത്തോട്ട് തിരിയും.സ്പീക്കർക്കെതിരെയുള്ള ആരോപണമാണ് പ്രചരണങ്ങളിൽ യുഡിഎഫ് പ്രധാനമായും മുന്നോട്ടുവെക്കുന്നത്.