26 April 2024 Friday

പെരുമ്പിലാവ് പുത്തംകുളത്ത് ജല വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു ; കുടിവെള്ളം പാഴാകുന്നു.

ckmnews

പെരുമ്പിലാവ്: കടങ്ങോട് - എരുമപ്പെട്ടി റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ച ആൽത്തറ - പുത്തംകുളം റോഡിലെ പല ഭാഗങ്ങളിലും പൈപ്പ് പൊട്ടൽ തുടർച്ചയാകുന്നു. പെരുമ്പിലാവ് പുത്തൻകുളത്ത് ഒരാഴ്ച മുൻപ് പൊട്ടിയ ജല അതോറിറ്റി പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നാളിതുവരെ നടത്തിയിട്ടില്ല. പതിനായിരക്കണക്കിനു ലിറ്റർ കുടിവെള്ളമാണ് ദിവസേന പാഴാകുന്നത്. ഇതു മൂലം റോഡും പൂർണമായി തകർന്ന അവസ്ഥയാണ്.  ഇത് സമീപവാസികൾക്ക് പോലും  ഭീഷണിയാകുന്നു.  റോഡ് നവീകരിക്കുന്നതിൻ്റെ ഭാഗമായി പുത്തൻകുളത്ത് നാലു മാസം മുൻപ് പണി തുടങ്ങിയ കലുങ്കിന്റെ നിർമാണവും പൂർത്തിയായില്ല. കലുങ്കിലൂടെ വെള്ളം ഒഴുക്കി വിടുന്നത് അശാസ്ത്രീയമാണെന്നാരോപിച്ച് നാട്ടുകാർ സമീപത്ത് സമരം നടത്തിയിരുന്നു. കടങ്ങോട് - എരുമപ്പെട്ടി റോഡ്  നിർമാണത്തിന്റെ ഭാഗമായി പല സ്ഥലത്തും റോഡും കാനയും പൊളിച്ചതു മൂലം ഉണ്ടായ യാത്രാ ദുരിതവും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കി.  കഴിഞ്ഞ പത്തു മാസമായി ഈ റൂട്ടിലൂടെ ബസുകൾ ഓടുന്നില്ല. ബസ് ലഭിക്കാൻ കിലോമീറ്ററോളം നടന്ന് പെരുമ്പിലാവിൽ എത്തേണ്ട സ്ഥിതിയാണ്.  മേഖലയിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും റോഡിൻ്റെ പണികൾ എത്രയും വേഗം പൂർത്തീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ അധികാരികളോടാവശ്യപ്പെട്ടു