30 April 2024 Tuesday

ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ശക്തമായ മഴ; മെട്രോ പാതയിലും വിമാനത്താവളങ്ങളിലും വെള്ളം കയറി

ckmnews


അപ്രതീക്ഷിതമായെത്തിയ കാറ്റിലും മഴയിലും ദുബായ് നഗരത്തിലെ ഷോപ്പിംഗ് മാളുകള്‍, സബ് വേകള്‍, വിമാനത്താവളം, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളില്‍ വെള്ളം കയറി. മഴയ്ക്കും കാറ്റിനും പുറമെ ശക്തമായ ഇടിമിന്നലും ഇവിടെ അനുഭവപ്പെടുന്നുണ്ട്. ദുബായേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത് ഫുജേറയിലാണ്. യുഎഇയുടെ കിഴക്കന്‍ തീരത്തുള്ള ഈ എമിറേറ്റില്‍ ചൊവ്വാഴ്ച 145 മില്ലിമീറ്റര്‍(5.7 ഇഞ്ച്) മഴ പെയ്തു. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലുള്ള എമിറേറ്റായ റാസല്‍ഖൈമയില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. വെള്ളപ്പൊക്കത്തില്‍ വാഹനം ഒലിച്ചുപോയതിനെത്തുടര്‍ന്ന് 70 വയസ്സുള്ളയാള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്ററായ ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സിലെ സീലിംഗിനിടയിലൂടെ വെള്ളം താഴേക്ക് ഇറങ്ങി. നിര്‍ത്താതെ പെയ്ത മഴയില്‍ സീലിംഗിന്റെ ചില ഭാഗങ്ങള്‍ താഴേക്ക് പതിച്ചു. കഴിഞ്ഞ 75 വര്‍ഷത്തിനിടെ രാജ്യത്ത് പെയ്ത ഏറ്റവും വലിയ മഴയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കനത്തമഴയില്‍ ഷാര്‍ജ സിറ്റി സെന്ററിലും ഡെയ്‌റ സിറ്റി സെന്ററിലും കേടുപാടുകള്‍ സംഭവിച്ചു.വിമാനത്താവളങ്ങളിൽ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ ടാക്‌സിവേകളില്‍ വെള്ളം കയറി. ചൊവ്വാഴ്ച രാത്രി മുതല്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വെള്ളം കയറി വിമാനത്താവളത്തിന് ചുറ്റുമുള്ള റോഡുകള്‍ മുങ്ങിയതോടെ യാത്രക്കാര്‍ ടെര്‍മിനലുകളില്‍ എത്തിച്ചേരാന്‍ പാടുപെട്ടു. ചില റോഡുകളില്‍ വളരെയധികം ഉയരത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യാത്രക്കാര്‍ ബുദ്ധിമുട്ട് നേരിട്ടതായും റിപ്പോർട്ടുണ്ട്.

ടാങ്കര്‍ ട്രക്കര്‍ ഉപയോഗിച്ച് അധികൃതര്‍ വെള്ളം പമ്പ് ചെയ്ത് കളയുകയാണ്. ചില വീടുകളിലും വെള്ളം കയറിയതായി റിപ്പോര്‍ട്ടുകളുണ്ട്.

24 മണിക്കൂറിനിടെ 142 മില്ലീമീറ്റര്‍ മഴയാണ് ദുബായില്‍ പെയ്തിറങ്ങിയത്. വര്‍ഷത്തില്‍ ശരാശരി 95.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ ദുബായിൽ ലഭിക്കാറെന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലഭ്യമായ വിവരത്തിൽ പറയുന്നു.

മഴയ്ക്കും കാറ്റിനും പുറമെ ശക്തമായ ഇടിമിന്നലും നഗരത്തില്‍ അനുഭവപ്പെടുന്നുണ്ട്. താരതമ്യേന വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന യുഎഇയില്‍ സാധാരണ ശക്തമായ മഴ ലഭിക്കാറില്ല. തണുപ്പേറിയ സമയങ്ങളിലാണ് മഴ ഇവിടെ പെയ്യാറുള്ളത്. മഴ കുറവായതിനാല്‍ റോഡുകളിലും മറ്റ് ഇടങ്ങളിലും ആവശ്യത്തിന് ഡ്രെയ്‌നേജ് സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഇതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നത്. ബഹ്‌റൈന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവടങ്ങളിലും കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു.വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനയാത്രകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. ചില വിമാനങ്ങള്‍ റദ്ദു ചെയ്തിട്ടുണ്ട്. അയല്‍രാജ്യമായ ഒമാനില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ 18 പേര്‍ മരിച്ചിരുന്നു. അതില്‍ പത്ത് സ്‌കൂള്‍ കുട്ടികളും ഉള്‍പ്പെടുന്നു.