30 April 2024 Tuesday

ഒമാന് പിന്നാലെ യുഎഇയിലും കനത്തമഴ രണ്ട് ദിവസം രാജ്യമാകെ വര്‍ക്ക് ഫ്രം ഹോമും സ്‌കൂളുകള്‍ക്ക് വിദൂരപഠനവും

ckmnews

ഒമാന് പിന്നാലെ യുഎഇയിലും കനത്തമഴ


രണ്ട് ദിവസം രാജ്യമാകെ വര്‍ക്ക് ഫ്രം ഹോമും സ്‌കൂളുകള്‍ക്ക് വിദൂരപഠനവും


ദുബായ്: ഒമാന് പിന്നാലെ യുഎഇയിലും കനത്ത മഴയും പ്രളയ സാധ്യതയും. ഈ സാഹചര്യത്തില്‍ ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകള്‍ക്കും വിദൂര പഠനം നടത്താന്‍ ഉത്തരവിട്ടു. ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റ്സ് സ്‌കൂള്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ അറിയിപ്പ് വന്നതിന് പിന്നാലെ, യുഎഇയിലെ എല്ലാ പബ്ലിക് സ്‌കൂളുകളും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ദുബായ് കിരീടാവകാശി നിര്‍ദേശിച്ചു.


യുഎഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങള്‍ ഏപ്രില്‍ 16 ചൊവ്വാഴ്ചയും ഏപ്രില്‍ 17 ബുധനാഴ്ചയും നിര്‍ബന്ധിത വിദൂര പഠനം നടത്തും. യുഎഇയിലുടനീളമുള്ള പ്രതികൂല കാലാവസ്ഥ ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ സ്വകാര്യമേഖലാ കമ്പനികളോട് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


നേരത്തെ, റാസല്‍ഖൈമയിലെ പ്രാദേശിക എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം എമിറേറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ക്ലാസുകള്‍ വിദൂര പഠനത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. യുഎഇയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരോടും വിദൂരമായി ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജോലിസ്ഥലത്ത് സാന്നിധ്യം ആവശ്യമുള്ള ചില ഫെഡറല്‍ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്.


യുഎഇയിലും വരുന്ന രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം ബുധനാഴ്ച രാവിലെ വരെ കൊടുങ്കാറ്റോട് കൂടിയുള്ള ശക്തമായ മഴ പെയ്‌തേക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമാനിലെ കാലവര്‍ഷ കെടുതിയില്‍ 13 ജീവനുകളാണ് നഷ്ടമായത്. ഈ സാഹചര്യത്തില്‍ നിലവിലെ മഴ മുന്നറിയിപ്പിനെ അതീവ ജാഗ്രതയോടൊണ് യുഎഇ നോക്കിക്കാണുന്നത്.


മിന്നലോടും ഇടിയോടും കൂടി ശക്തമായ മഴ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തുന്നുണ്ട്. മോശം കാലാവസ്ഥ മൂലമുള്ള വിമാനയാത്രാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും യുഎഇ നടപടി ആരംഭിച്ചിട്ടുണ്ട്. ദൃശ്യപരത പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വിമാന സര്‍വീസുകളില്‍ കാലതാമസം സംഭവിച്ചേക്കാം. യാത്രയ്ക്ക് നാല് മണിക്കൂര്‍ മുമ്പ് തന്നെ റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം വ്യോമയാന മന്ത്രാലയം നല്‍കിയിട്ടുണ്ട്


അതേസമയം കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാന്‍ രാജ്യം സമ്പൂര്‍ണ സജ്ജമാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അധികാരികളുടെ നിര്‍ദ്ദേശങ്ങളും സുരക്ഷാ ആവശ്യകതകളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം ന്യൂനമര്‍ദത്തിന്റെ സ്വാധീനം നിലനില്‍ക്കുന്ന ഒമാനില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുകയാണ്.