03 May 2024 Friday

കനത്ത മഴയ്ക്ക് സാധ്യത; യുഎഇയ്ക്ക് മുന്നറിയിപ്പ്, സര്‍വസജ്ജമെന്ന് അധികൃതര്‍

ckmnews


75 വര്‍ഷത്തിനിടിയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യം വഹിച്ച യുഎഇയില്‍ ഇനിയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ഒറ്റപ്പെട്ട മഴ പെയ്യാനുമാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. അതേസമയം മഴയെ നേരിടാന്‍ എല്ലാ സന്നാഹങ്ങളും സജ്ജമാണെന്ന് യുഎഇ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായുള്ള മഴയില്‍ നാലു പേരാണ് യുഎഇയില്‍ മരിച്ചത്.

മഴക്കെടുതിയില്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.മഴക്കെടുതിയില്‍ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകള്‍ പഠിച്ച് പരിഹരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.അതേസമയം തീരപ്രദേശങ്ങളില്‍ താപനില കുറയാന്‍ സാധ്യയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴയില്‍ വീടുകളും റോഡുകളും വാഹനങ്ങളും വെള്ളത്തിനിടയിലായിരുന്നു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി സര്‍ക്കാര്‍ – സ്വകാര്യ സ്‌കൂളുകള്‍ക്ക് ഈ ആഴ്ച വിദൂര പഠനം നിര്‍ദേശിച്ചിരിക്കുകയാണ്. പൊതുമേഖലാ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കി.