08 May 2024 Wednesday

പൊന്നാനി കടല്‍ഭിത്തി നിര്‍മാണം ഉടന്‍ നിര്‍മാണ ചെലവ് 10 കോടി

ckmnews


 പൊന്നാനി: പൊന്നാനി തീരത്ത് കടൽഭിത്തി നിർമാണത്തിന് ടെൻഡർ പൂർത്തിയായെന്നും വേ​ഗത്തില്‍ നിർമാണം ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയില്‍ പറഞ്ഞു.  പി നന്ദകുമാർ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 10 കോടിയാണ് ചെലവ്. പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ട നീക്കുന്നതിനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊന്നാനി താലൂക്കിലെ പാലപ്പെട്ടി, വെളിയങ്കോട്, പൊന്നാനി എന്നിവിടങ്ങളിലായി 1084 മീറ്ററിലാണ് കടൽഭിത്തി നിർമാണം. പൊന്നാനി നഗരസഭയിലെ അലിയാർപള്ളി മുതൽ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയിൽ 234 മീറ്ററും കടലാക്രമണത്തിൽ തകർന്ന പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാൻ ഭാഗത്ത് 250 മീറ്റർ നീളത്തിലുമാണ് കടൽഭിത്തി നിർമിക്കുക. മണൽതിട്ട നീക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലില്‍ പോകുന്നതിന് പ്രയാസം സൃഷ്ടിക്കുന്ന പുതുപൊന്നാനി അഴിമുഖത്തെ മണൽതിട്ടയും നീക്കംചെയ്യും. മണൽതിട്ടയിൽ തട്ടി വള്ളങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നത് പതിവായിരുന്നു. മണൽതിട്ട നീക്കം ചെയ്യുന്നതിനായി മറൈൻ സർവേയറുടെ നേതൃത്വത്തിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ആവശ്യമായ തുക അഴിമുഖത്തെ മണൽ വിറ്റ് കണ്ടെത്താനാണ് ശ്രമിക്കുന്നത്. പ്രളയത്തിലും കടലാക്രമണത്തിലും അടിഞ്ഞുകൂടിയ മണൽതിട്ടകൾ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായി നീക്കിയിരുന്നെങ്കിലും വീണ്ടും അടിയുകയായിരുന്നു.