08 May 2024 Wednesday

കടവനാട് ജലോത്സവം സമാപിച്ചു: പൂക്കൈതപ്പുഴ കീഴടക്കി സാഗരറാണി

ckmnews


പൊന്നാനി:നാലുപതിറ്റാണ്ടിനുശേഷം പൂക്കൈതപ്പുഴയിലേക്ക് ആവേശം കുത്തിയൊഴുകി. ആ ഒഴുക്കിന്റെ താളത്തിൽ ഓളങ്ങളെ വകഞ്ഞുമാറ്റി വള്ളങ്ങൾ കരിനാഗങ്ങളെപ്പോലെ കുതിച്ചു. കരയിലിരുന്ന കാണികൾ കരഘോഷം മുഴക്കി ആർത്തുവിളിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ‘സാഗരറാണി’ കിരീടം ചൂടി.


അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ചുള്ളിക്കാടനെ അവസാന ലാപ്പിൽ പിന്തള്ളിയാണ് സാഗരറാണി വിജയകിരീടമണിഞ്ഞത്. കടവനാട് ഇമ്പിച്ചിബാവ സ്മാരക വായനശാല സ്‌പോൺസർ ചെയ്ത വള്ളമാണ് സാഗരറാണി. അമ്പലപറമ്പനാണ് മൂന്നാംസ്ഥാനത്ത്. മൈനർ വിഭാഗത്തിൽ വീരപുത്രനെ പരാജയപ്പെടുത്തി കായൽക്കുതിര ഒന്നാംസ്ഥാനത്തെത്തി. കൊച്ചുകൊമ്പൻ മൂന്നാംസ്ഥാനം നേടി.


ഉത്രട്ടാതി ദിനത്തിൽ നടന്ന കടവനാട് ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ ഒൻപത് വള്ളങ്ങളും മൈനർ വിഭാഗത്തിൽ 12 വള്ളങ്ങളുമാണ് മാറ്റുരച്ചത്.


40 വർഷങ്ങൾക്കുശേഷമാണ് കടവനാട് പൂക്കൈതപ്പുഴ വീണ്ടും വള്ളംകളിക്ക്‌ വേദിയാകുന്നത്. ആയിരങ്ങളാണ് മത്സരം കാണാനെത്തിയത്. പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ കടവനാട് ജലോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വള്ളംകളി മത്സരം നടന്നത്.