26 April 2024 Friday

കുന്നംകുളം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

ckmnews

കുന്നംകുളം ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു


കുന്നംകുളം:ജില്ലയിൽ കായിക വകുപ്പ് നിർമിച്ച കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ  നാടിനു സമർപ്പിച്ചു. 5.08 കോടി രൂപ ചെലവഴിച്ചു നിർമിച്ച കുന്നംകുളം സ്റ്റേഡിയം  ഓൺലൈനിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.  കായിക രംഗത്ത് ഇന്ത്യയിലെ  ഒന്നാമത്തെ സംസ്ഥാനമായി കേരളം ഉയർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

കായിക താരങ്ങൾക്കു മികച്ച പരിശീലനത്തിനും പ്രതിഭയുള്ള കുട്ടികൾക്ക് കളിച്ചു വളരുവാനും പൊതുജനങ്ങൾക്ക് കായിക വിനോദത്തിൽ ഏർപ്പെടാനും വിപുലമായ സൗകര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻപ് കായിക രംഗത്ത് പുരോഗമന പരമായ നിലപാടുകളുമുണ്ടായിരുന്നില്ല. കായിക രംഗത്ത് നിലനിന്നിരുന്ന മോശം പ്രവണതയാണ് ഇതിനുള്ള കാരണമായി ഈ സർക്കാർ കണ്ടത്. കഴിഞ്ഞ നാലു വർഷത്തിടെ ഇത്തരം പ്രവണതകൾക്ക് സർക്കാർ മാറ്റം വരുത്തി. 

കേരളത്തിലെ മുൻകാല കായിക താരങ്ങൾ അസാമാന്യ പ്രതിഭകളായിരുന്നു. എന്നാൽ ഇവർക്ക് മികച്ച പരിശീലനത്തിനായി നിലവാരമുള്ള കളിക്കളങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഈ സർക്കാർ കളികൾക്കും കളിക്കളങ്ങൾക്കും കായിക താരങ്ങൾക്കും പ്രഥമ പരിഗണന നൽകി. ചെറു പ്രായത്തിലുള്ള കായിക താരങ്ങൾ മുതൽ എല്ലാ വിഭാഗം താരങ്ങൾക്കും മികച്ച പരിശീലനം, കായിക താരങ്ങളുടെ ക്ഷേമം, കളിക്കളങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കി. ഇതിലൂടെ കായിക മേഖലയുടെ അടിസ്ഥാന വികസത്തിൽ നമുക്ക് വലിയ കുതിപ്പ് നടത്താനായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.14 ജില്ലകളിൽ കിഫ് ബി ഫണ്ടായ 1000 കോടി രൂപ ചെലവഴിച്ച് 43 രാജ്യാന്തര നിലവാരമുള്ള  സ്റ്റേഡിയങ്ങളാണ് പഞ്ചായത്ത്, നഗരസഭ പ്രദേശങ്ങളിൽ നിർമിക്കുന്നത്. കൂടാതെ 43 ഫുട്ബോൾ സ്റ്റേഡിയങ്ങൾ, 27 സിന്തറ്റിക് ട്രാക്ക്, 33 സ്വിമ്മിങ് പൂൾ, 33 ഇൻഡോർ സ്‌റ്റേഡിയം എന്നിവയുടെയും നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. കായിക വകുപ്പും കിഫ് ബിയും ചേർന്ന് നിർമിക്കുന്ന 26 സ്റ്റേഡിയങ്ങൾ ഈ വർഷം പൂർത്തിയാക്കുമെന്നും ഇതിലൂടെയെല്ലാം കായിക രംഗത്തെ മികവ് അവകാശപ്പെടാൻ സംസ്ഥാനത്തിനാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കായിക - യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജൻ അധ്യക്ഷത വഹിച്ചു. കായിക രംഗത്തെ ശാസ്ത്രീയമായി നിരീക്ഷിച്ചതുകൊണ്ടാണ് ഈ മേഖലയിൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായ മുന്നേറ്റമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഒരു എൻജിനീയറിങ് വിഭാഗത്തെ ഒരുക്കി കേരളത്തിലെ സ്റ്റേഡിയങ്ങളും അനുബന്ധ കെട്ടിടങ്ങളും തയ്യാറാക്കിയതോടെ കേരളത്തിൽ മികച്ച ഒരു കായിക സംസ്കാരം വളർത്താനായി എന്നും കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭ ചെയർപേഴ്സൻ രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ വി സുമതി, കുന്നംകുളം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർ,  കായിക - യുവജന കാര്യ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ സ്വാഗതവും കായിക യുവജന ഡയറക്ടർ ജെറോമിക് ജോർജ് നന്ദിയും പറഞ്ഞു.