26 April 2024 Friday

പൊന്നാനിയിൽ കപ്പലടുക്കും:മൾട്ടി പർപ്പസ് കപ്പൽ ടെർമിനലിന്റെ വിശദ പദ്ധതിരേഖ കൈമാറി

ckmnews


പൊന്നാനി:പത്തേമാരികൾ നങ്കൂരമിട്ട പൊന്നാനിക്ക്‌ ഇനി കപ്പൽകാലം. മൾട്ടി പർപ്പസ് കപ്പൽ ടെർമിനലിന്റെ വിശദ പദ്ധതിരേഖ (ഡിപിആർ) പി നന്ദകുമാർ എംഎൽഎയുടെ സാന്നിധ്യത്തിൽ ഹാർബർ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റ്‌ ചീഫ് എൻജിനിയർ ജോമോൻ മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളയ്‌ക്ക് കൈമാറി. 90 കോടിയുടെ പദ്ധതി റിപ്പോർട്ടാണ് സമർപ്പിച്ചത്. സാമ്പത്തികബാധ്യതയില്ലാതെ ഒന്നര മാസംകൊണ്ടാണ് ഹാർബർ എൻജിനിയറിങ്‌ ഡിപിആർ തയ്യാറാക്കിയത്‌. മൂന്നുമാസത്തിനകം നിർമാണോദ്‌ഘാടനം ഉണ്ടാകും. 
 ടെർമിനൽ പഴയ ജങ്കാർ ജെട്ടിക്ക് സമീപം പൊന്നാനി പഴയ ജങ്കാർ ജെട്ടിക്ക് സമീപമാണ് ടെർമിനൽ ഒരുങ്ങുക. ആദ്യഘട്ടം 100 മീറ്റർ വാർഫും കോമ്പൗണ്ട് വാളും നിർമിക്കും. കപ്പലടുപ്പിക്കാൻ നിലവിലെ നാലുമീറ്റർ ആഴം ആറ് മീറ്ററാക്കും. ഐസ് പ്ലാന്റുമുതൽ തുറമുഖംവരെ ഒന്നര കിലോമീറ്റർ ആറ് മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് നിർമിക്കും. കേന്ദ്ര–-സംസ്ഥാന ഫണ്ടുപയോഗിച്ചാണ് പദ്ധതി. ഹാർബർ എൻജിനിയറിങ്‌ വകുപ്പാണ് സാധ്യതാ പഠനം നടത്തിയത്. അഴിമുഖത്തിന് സമീപത്തായതിനാൽ കപ്പൽ ഗതാഗതം എളുപ്പമാകും. മീന്‍പിടിത്ത ബോട്ടുകൾ തടസമാവില്ല. കപ്പൽ ടെർമിനലിന്‌ ബജറ്റിൽ 2.5 കോടി നീക്കിവച്ചിട്ടുണ്ട്. കേന്ദ്ര–-സംസ്ഥാന അംഗീകാരം കിട്ടിയാൽ മൂന്നുവർഷംകൊണ്ട് യാഥാർഥ്യമാക്കാം. സാഗർമാല പദ്ധതിയിൽ കേന്ദ്ര സഹായം ലഭ്യമാക്കി പൂർത്തിയാക്കാനാണ്‌ ഉദ്ദേശിക്കുന്നത്. തുറമുഖം യാഥാർഥ്യമാകുന്നതോടെ ചരക്ക്‌ ഗതാഗതവും വിനോദ സഞ്ചാരവും കുതിക്കുമെന്ന് പി നന്ദകുമാര്‍ എംഎല്‍എ പറഞ്ഞു. ടൂറിസം ഡിപ്പാർട്ട്മെന്റ്‌ പ്രഖ്യാപിച്ച ക്രൂയിസ് ടൂറിസം പദ്ധതിയിൽ പൊന്നാനി തുറമുഖവും ഉൾപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലേക്കുൾപ്പെടെ ചരക്ക് ഗതാഗതം സുഗമമാക്കലും ടൂറിസവും വികസനവുമാണ്‌ ലക്ഷ്യമിടുന്നത്‌. മാരിടൈം ബോർഡ്‌ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ചീഫ് എക്‌സി. ഓഫീസർ ടി പി സലിംകുമാർ, അശ്വനി പ്രതാപ്, മുഹമ്മദ് അൻസാരി എന്നിവർ പങ്കെടുത്തു