27 April 2024 Saturday

കുന്നംകുളത്തിന്റെ പെരുമ പതിഞ്ഞ് നിലാവെട്ടം സംഘാടക സമിതി ഓഫീസ്

ckmnews

കുന്നംകുളത്തിന്റെ പെരുമ പതിഞ്ഞ് നിലാവെട്ടം സംഘാടക സമിതി ഓഫീസ്


കുന്നംകുളം : പട്ടണത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചറിയിക്കുന്ന പെരുമ ചുവരുകളില്‍ രേഖപ്പെടുത്തി നിലാവെട്ടം സംഘാടക സമിതി ഓഫീസ്. നഗരസഭയിലെ നൂറ്റാണ്ടു പിന്നിട്ട  മുസാവരി ബംഗ്ലാവിലാണ് കുന്നംകുളത്തിന്റെ തനതു വിശേഷങ്ങള്‍ തൃശൂര്‍ ഫൈനാര്‍ട്സ് കോളേജിലെ കലാകാരന്മാര്‍ വരച്ചിട്ടുള്ളത്. 

കുന്നംകുളത്തിന്റെ കച്ചവട പാരമ്പര്യങ്ങളെ ലോക പ്രശസ്തമാക്കിയ അങ്ങാടികള്‍ വളരെ മനോഹരവും ജീവസുറ്റതുമാക്കി വരച്ചിട്ടുണ്ട്.  കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന കുറുക്കന്‍പാറയിലെ കരിങ്കല്‍ശില്പ നിര്‍മ്മാണം, ഏഷ്യയിലെ ഏറ്റവും വലിയ നോട്ട് പുസ്തക വിപണന കേന്ദ്രമായ കുന്നംകുളത്തിന്റെ അച്ചടി പെരുമ, കഥകളിയുടെ ആദ്യ കാല അരങ്ങായിരുന്ന കുന്നംകുളത്തെ കഥകളി ചരിത്രം, ക്രൈസ്തവ പാരമ്പര്യം ഊട്ടിയുറപ്പിക്കുന്ന ആര്‍ത്താറ്റ് പള്ളി, കപ്പല്‍ പള്ളി തുടങ്ങിയ ചിത്രങ്ങള്‍ മനോഹരമായാണ്  നിലാവെട്ടം ഓഫീസ് ചുമരില്‍ വരച്ചൊരുക്കിയിട്ടുള്ളത്

ഫൈനാര്‍ട്സ് കോളേജിലെ സുര്‍ജിതിന്റെ നേതൃത്വത്തിലുള്ള നാല് കലാകാരന്മാര്‍ മൂന്നുദിവസത്തെ ശ്രമഫലമായാണ് ചിത്രങ്ങള്‍ വരച്ചത്. കലാകാരന്മാര്‍ നേരിട്ടുപോയി കണ്ടു മനസ്സിലാക്കിയാണ് ഓരോ ചിത്രവും ചുമരില്‍ പകര്‍ത്തിയിട്ടുള്ളത്.