27 April 2024 Saturday

ആരോഗ്യമേഖലയിൽ ജനകീയ കെട്ടിട നിർമാണത്തിന് നാടൊരുമിക്കുന്നു

ckmnews

പെരുമ്പിലാവ്: സമ്പൂർണ ജനപങ്കാളിത്തത്തോടെ കരിക്കാട് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററിനു വേണ്ടി ജനകീയ കമ്മറ്റി കെട്ടിടം നിർമിച്ച് നൽകുന്നു.കരിക്കാട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ എന്ന പേരിൽ 1222 ചതുരശ്ര അടി കെട്ടിടമാണ് ആരോഗ്യ വകുപ്പിനു വേണ്ടി നാട്ടുകാർ നിർമിക്കുന്നത്. നൂതന സംവിധാനങ്ങളുള്ള ആശുപത്രി വേണമെന്ന ആശയത്തിൽ നാട്ടുകാർ രാഷ്ട്രീയ മത ഭേദങ്ങൾ മറന്നു ഗ്രാമത്തിലുള്ള മുഴുവൻ ആളുകളും ഇതിനു വേണ്ടി ഒരുമിക്കുകയും ജനകീയ കമ്മിറ്റിക്കു രൂപം കൊടുക്കുകയും ചെയ്തു. കരിക്കാട് ഗവ. ഹോമിയോ ഡിസ്പൻസറിക്കു സമീപമുള്ള കടവല്ലൂർ പഞ്ചായത്തിന്റെ സ്ഥലത്ത് നിർമിക്കുന്ന കെട്ടിടത്തിനു വേണ്ട 16 ലക്ഷം രൂപ നാട്ടുകാർ ചേർന്നു സ്വരൂപിക്കും. 100 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണു പദ്ധതി. നിർമാണം പൂർത്തീകരിച്ചാൽ പെരുമ്പിലാവ് കുടുംബാരോഗ്യകേന്ദ്രത്തിനു വിട്ടുകൊടുക്കും.ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ക്ലാസുകളും സെമിനാറുകളും നടത്താനുള്ള വലിയ ഹാളാണു കെട്ടിടത്തിലെ മുഖ്യ ആകർഷണം. ഇതും സംസ്ഥാനത്ത് ആദ്യമാകും. ആരോഗ്യ പരിശോധന, പ്രതിരോധ കുത്തിവയ്പ്, ജീവിതശൈലി ക്ലിനിക്, ലാബ് പരിശോധന, പകർച്ചവ്യാധി പ്രതിരോധം, മരുന്നു വിതരണം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങൾ തുടക്കത്തിൽ ഉണ്ടാകും.നാഷനൽ ഹെൽത്ത് മിഷൻ പദ്ധതി അനുസരിച്ചുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള സൌകര്യങ്ങളും കെട്ടിടത്തിലുണ്ട്.കാട്ടകാമ്പാൽ പഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രമാണ് ഈ മേഖലയിലെ ജനങ്ങൾ പ്രധനമായി ആശ്രയിക്കുന്നത്. തിരക്കു മൂലം കൃത്യമായ സേവനങ്ങൾ പലപ്പോഴും ലഭിക്കാറില്ല. പുതിയ ആരോഗ്യ കേന്ദ്രം വരുന്നതോടെ കോട്ടോൽ, വില്ലന്നൂർ, കരിക്കാട്, പെരുമ്പിലാവ് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാകും.പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. രാജേന്ദ്രൻ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി ശ്രീദേവി ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ധർമ്മൻ അധ്യക്ഷയായി.ആദ്യ ഫണ്ടായി മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത ഒരു ലക്ഷം രൂപ നൽകി.ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂർ ഈ തുക കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ഗാനരചയിതാവ്ബി . കെ ഹരി നാരായണൻ,എം.ബാലാജി, ജോസഫ് ചാലിശേരി, സി. ഗിരീഷ് കുമാർ, സൗദ അബുബക്കർ ,ഫൈസൽ കാഞ്ഞിരപ്പിള്ളി, പ്രേം രാജ് ചൂണ്ടലാത്ത്,അബൂ മുസ്‌ലിയാർ, സുഭാഷ് ആദൂർ , എം. എൻ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.