26 April 2024 Friday

കുടിവെള്ളത്തിനും ഖരമാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്‍കി;കുന്നംകുളം നഗരസഭ വികസന സെമിനാര്‍

ckmnews

കുടിവെള്ളത്തിനും ഖരമാലിന്യ സംസ്കരണത്തിനും ഊന്നല്‍ നല്‍കി;കുന്നംകുളം നഗരസഭ വികസന സെമിനാര്‍


കുന്നംകുളം :കുടിവെള്ളത്തിനും ഖരമാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കുന്നംകുളം നഗരസഭയില്‍ വികസന സെമിനാര്‍ അവതരിപ്പിച്ചു. ഗ്രാമ, നഗര പ്രദേശങ്ങള്‍ ഉള്‍പ്പെടെ  നഗരസഭയിലെ 37 വാര്‍ഡുകളിലും കുടിവെള്ളക്ഷാമം  ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ജനകീയമായ രീതിയില്‍ പദ്ധതികള്‍ വിഭാവനം ചെയ്യാനാണ് വികസനരേഖ തയ്യാറാക്കിയിട്ടുള്ളത്. 


അഭിമാന പദ്ധതിയായ തുറക്കുളം മാര്‍ക്കറ്റ്, ആധുനിക അറവുശാല  നിര്‍മ്മാണം എന്നിവ  പൂര്‍ത്തീകരിക്കാനുള്ള ത്വരിത നടപടികളും ആരംഭിക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഖരമാലിന്യ സംസ്കരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനും പദ്ധതികളുണ്ട്. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനും പദ്ധതിയുണ്ട്. 

പൊതുവിഭാഗത്തില്‍ 5,04,76,000 കോടി രൂപയും പട്ടികജാതി ഉപ പദ്ധതികള്‍ക്ക് 2,38,11,000 കോടി രൂപയും അടക്കം 7,42,87,000 കോടി രൂപയാണ് വികസനഫണ്ട്. 8,02,67,000 കോടി രൂപ മെയിന്റനന്‍സിനു വേണ്ടി ചെലവഴിക്കും. ഉല്പാദന, സേവന, പശ്ചാത്തല മേഖലകള്‍ക്ക് പൊതുവിഭാഗത്തിലും പട്ടികജാതി ഉപപദ്ധതിയിലും പ്രത്യേകം തുക വകയിരുത്തും. വനിത ഘടക പദ്ധതികള്‍ക്ക് 52,00,000 ലക്ഷം രൂപ, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് 58,00,000 ലക്ഷം രൂപ, വയോജന പദ്ധതികള്‍ക്ക് 42,06,795 ലക്ഷം രൂപ എന്നിവയും വകയിരുത്തും. പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റായി 4,58,46,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

വലിയങ്ങാടി മാര്‍ക്കറ്റ് നവീകരണം, റിങ് റോഡ് വികസനം എന്നിവയും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി. വികസന സെമിനാര്‍ നഗരസഭ ടൗണ്‍ഹാളില്‍ എ സി മൊയ്തീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം സുരേഷ് പദ്ധതി അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, മറ്റ് സ്ഥിരം സമിതി അംഗങ്ങളായ സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കണ്‍സിലര്‍ ബീന രവി, നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ഇ. സി.ബിനയ്ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.