26 April 2024 Friday

രാഷ്ട്രീയ ഇടപെടൽ;ഒരുകാൽ കുന്ന് ക്വാറി സംയുക്ത സമരസമിതി പിരിച്ചുവിട്ടു

ckmnews

രാഷ്ട്രീയ ഇടപെടൽ;ഒരുകാൽ കുന്ന് ക്വാറി സംയുക്ത സമരസമിതി പിരിച്ചുവിട്ടു


കുന്നംകുളം:കടവല്ലൂർ പഞ്ചായത്തിലെ മണിയാർക്കോട് നിവാസികളുടെ ജീവിതം ദുരിതത്തിലാക്കിയ ഒരുക്കാൽ കുന്ന് ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിൽ രാഷ്ട്രിയ ഇടപെടലിനെ തുടർന്ന് സംയുക്ത സമരസമിതിയോട് ജനവിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ ക്വാറി വിരുദ്ധ സമരസമിതി പിരിച്ചുവിട്ടതായി സമരസമിതി ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മാസങ്ങളായി ഒരുക്കാൽകുന്ന് ക്വാറിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിത്തതോടെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ക്വാറി വിരുദ്ധ സമരം നടത്തിയിരുന്നു.എന്നാൽ സിപിഎം നേതാക്കന്മാർ ക്വാറി പരിസരത്ത് ദുരിതമനുഭവിക്കുന്ന വീടുകൾ സന്ദർശിച്ച് ക്വാറിയുടെ പ്രവർത്തനം  നിർത്തിവയ്ക്കില്ലെന്ന് അറിയിക്കുകയും പാർട്ടി പ്രവർത്തകരോട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സമരസമിതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്ന് സമരസമിതി നേതാക്കൾ സൂചിപ്പിച്ചു.സമരസമിതി പിരിച്ചുവിട്ടെങ്കിലും നിയമപരമായിട്ടുള്ള പോരാട്ടം തുടരുമെന്ന്  സമരസമിതി ഭാരവാഹികൾ അറിയിച്ചു.മാസങ്ങളായി ക്വാറി വിരുദ്ധ സമരം നടത്തിയിട്ടും എംപിയും എംഎൽഎയും ഇതുവരെ സ്ഥലം സന്ദർശിക്കാത്തത് കടുത്ത വഞ്ചനയാണെന്ന് സമരസമിതി ആരോപിച്ചു. വാർഡ് സഭ യോഗത്തിൽ ക്വാറി  അടച്ചുപൂട്ടണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചില്ല.തുടർന്നാണ് സമരമായി മുന്നോട്ടു പോകുന്നതിൽ അർത്ഥമില്ലെന്നു മനസ്സിലാക്കി സമരം അവസാനിപ്പിച്ച് സമരസമിതി പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.സമരസമിതി  ചെയർമാൻ വി ഐ.അബ്ദുൽ ഹക്കീം, കൺവീനർ ഇ കെ.ഉമ്മർ,വൈസ് ചെയർമാൻ കെ കെ. അബ്ദുൾ റസാക്ക്, ട്രഷറർ സലിം തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു